വിമാനത്താവളങ്ങളിലെ സൈബര്‍ ആക്രമണം തടഞ്ഞ് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

News

തിരുവനന്തപുരം: രാജ്യത്തെ ചില വിമാനത്താവളങ്ങളേയും ആശുപത്രികളേയും ലക്ഷ്യമാക്കി സുഡാനില്‍ നിന്നുള്ള ഹാക്കര്‍ ഗ്രൂപ്പ് നടത്തിയ സൈബര്‍ ആക്രമണം തടഞ്ഞ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ പ്രൊഫേസ് ടെക്‌നോളജീസ്.

‘അനോണിമസ് സുഡാന്‍’ എന്ന ഹാക്കര്‍ ഗ്രൂപ്പ് നടത്തിയ സൈബര്‍ ആക്രമണമാണ് പ്രൊഫേസ് ടെക്‌നോളജീസിന്റെ വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാള്‍ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തിലൂടെ തടയാനായത്.

രാജ്യത്തെ ചില വിമാനത്താവളങ്ങളുടേയും ആശുപത്രികളുടേയും വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏപ്രില്‍ 8 ന് സൈബര്‍ ആക്രമണം ആസൂത്രണം ചെയ്തത്.

‘ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) എന്ന സൈബര്‍ ആക്രമണ രീതിയാണ് അതിലേക്കായി അവര്‍ സ്വീകരിച്ചത്. ഇത് സൈബര്‍ ആക്രമണം ആണെന്ന് തിരിച്ചറിഞ്ഞ് ഫലപ്രദമായി ഇടപെടാന്‍ പ്രൊഫേസ് ടെക്‌നോളജീസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചതിലൂടെ സാധിച്ചു.

‘ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) ആക്രമണത്തിലൂടെ ഓണ്‍ലൈന്‍ സേവനങ്ങളും വെബ്‌സൈറ്റുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാതിരിക്കാനും ഇന്റര്‍നെറ്റ് ട്രാഫിക്ക് തടസ്സപ്പെടുത്താനും ഹാക്കര്‍മാര്‍ക്ക് കഴിയും.

2019ല്‍ വൈശാഖ് .ടി ആര്‍, ലക്ഷ്മി ദാസ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച പ്രോഫേസ് ടെക്‌നോളജീസ് സൈബര്‍ ആക്രമണങ്ങള്‍ തത്സമയം കണ്ടെത്താനും വിശകലനം ചെയ്യാനും തടയാനുമുള്ള സാങ്കേതികവിദ്യാ സംവിധാനമൊരുക്കുന്നു.

നിലവില്‍ പ്രൊഫേസ് ടെക്‌നോളജീസിന്റെ വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും സൈബര്‍ ഭീഷണികളെ തിരിച്ചറിയുന്നതിനും തടയുന്നതിനും മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ പ്രയോജനപ്പെടുത്തുകയാണെന്നും പ്രൊഫേസ് ടെക്‌നോളജീസ് സി ഇ ഒ വൈശാഖ് .ടി ആര്‍ പറഞ്ഞു.

സൈബര്‍ ഭീഷണികളില്‍ നിന്ന് സ്ഥാപനങ്ങളേയും വ്യക്തികളെയും ഫലപ്രദമായി സംരക്ഷിക്കാന്‍ കഴിയുന്ന സൈബര്‍ സുരക്ഷാ പരിഹാരങ്ങളും പ്രൊഫേസ് നല്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *