ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം

Gulf News GCC

മക്ക: ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനമാകുന്നു. കല്ലേറ് പൂര്‍ത്തിയാക്കി വിടപറയല്‍ തവാഫ് നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കും. ആഭ്യന്തര തീര്‍ഥാടകരും ജി സി സി രാജ്യങ്ങളിലെ തീര്‍ഥാടകരും കഴിഞ്ഞ ദിവസം തന്നെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ നിന്ന് മടങ്ങി തുടങ്ങിയിരുന്നു. വേഗത്തില്‍ തിരിച്ചുപോകേണ്ട തീര്‍ഥാടകര്‍ക്ക് വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് മുന്‍പ് മിനായില്‍ നിന്ന് മക്കയിലെത്തി ചടങ്ങ് പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയിരുന്നു. അല്ലാത്തവര്‍ മിനായില്‍ ഒരു രാത്രി കൂടി തങ്ങി ശനിയാഴ്ച കല്ലേറ് ചടങ്ങ് പൂര്‍ത്തിയാക്കിയാണ് മടങ്ങുക.

കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുളള തീര്‍ഥാടകരും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 150 രാജ്യങ്ങളില്‍നിന്നുള്ള 18,45,045 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്. 1,75,025 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 11,252 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിന് എത്തി. മലയാളികളായ തീര്‍ത്ഥാടകര്‍ ജൂലൈ 13 മുതലാണ് മടങ്ങിയെത്തുക.