സുല്‍ത്താന്‍ അല്‍ നയാദിയുടെ ആകാശ നടത്തം ഇന്ന്

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ചാന്ദ്ര ദൗത്യത്തില്‍ അവസാന ഘട്ടത്തില്‍ പരാജയമുണ്ടായെങ്കിലും യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ന് ചരിത്ര മുഹൂര്‍ത്തം. അറബ് ലോകത്തെ ആദ്യ ദീര്‍ഘകാല ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി ഇന്ന് ബഹിരാകാശ നടത്തത്തിനിറങ്ങും. ഇന്ന് വൈകുന്നേരം 5.15നാണ് നയാദി ബഹിരാകാശത്ത് കാലെടുത്തുവെക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന അദ്ദേഹം പുറത്തിറങ്ങി ആറര മണിക്കൂര്‍ അന്തരീക്ഷത്തില്‍ ചെലവിടും. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമാണ്‌നയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിനിറങ്ങുക. ഇരുവരും പുറത്തിങ്ങുമ്പോള്‍ ബഹിരാകാശ നിലയത്തിന്റെ സയന്‍സ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ച കമ്മ്യൂണിക്കേഷന്‍ ഹാര്‍ഡ്വെയര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കും. നാസയുടെ ബഹിരാകാശയാത്രികരായ വുഡി ഹോബര്‍ഗും ഫ്രാങ്ക് റൂബിയോയും ഇരുവരെയും ബഹിരാകാശ സ്യൂട്ടുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുക. 1998ല്‍ ബഹിരാകാശ നിലയം സ്ഥാപിച്ചതിനു ശേഷം ഇതുവരെ 259 ബഹിരാകാശയാത്രികര്‍ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. നയാദിയുടെ ആകാശ നടത്തം യു.എ.ഇ സമയം വൈകുന്നേരം 4.30 മുതല്‍ http://mbrsc.ae/live വഴി തത്സമയ സംപ്രേക്ഷണമുണ്ടാകും.