ഇനി കളി ‘സിംബാബ് വേ” യിലെന്ന് ശ്രീശാന്ത്: ആശംസകള്‍ നേര്‍ന്ന് ലോകമലയാളികള്‍.

Sports

സൂപ്പര്‍സ്റ്റാര്‍ സഞ്ജയ് ദത്തും സര്‍ സോഹന്‍ റോയിയും ക്രിക്കറ്റ് ലോകത്തിലേക്ക്.

കളി വര്‍ത്തമാനം / ആകാശ്

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആര്‍ജിച്ച ‘സിം ആഫ്രോ T 10’ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ന്‍സി’ ലാണ് ശ്രീശാന്ത് കളിക്കുക.

പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സര്‍ സോഹന്‍ റോയിയും ചേര്‍ന്നാണ് ‘ഹരാരെ ഹരിക്കേയ്ന്‍സ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീശാന്തിനൊപ്പം മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയവരും ഹരാരെ ഹരിക്കേയ്ന്‍സ് ‘ ടീമിന്റെ ഭാഗമാണ്.

സിംബാബ്‌വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സിറ്റികളുടെ പേരിലുള്ള ഫ്രാഞ്ചൈസി ലീഗാണ് ‘സിം ആഫ്രോ ടി ടെന്‍ ‘ എന്ന പേരില്‍ ജൂലൈ 20 മുതല്‍ ആരംഭിക്കുന്നത്. 5 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താന്‍, പാര്‍ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരും ഭാഗമാകും. മലയാളിയായ സോഹന്റോയിയുടെ ഉടമസ്ഥതയിലുള്ള ഈ ടീമില്‍ കളിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.

‘ശ്രീശാന്ത്‌നായര്‍36’ എന്ന തന്റെ ഇന്‍സ്റ്റാ പ്രൊഫൈലില്‍ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് ശ്രീശാന്ത് ഈ അഭിപ്രായം പങ്കുവെച്ചത്. ലോക മലയാളികളെല്ലാം ഈയൊരു ഉദ്യമത്തെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു. ഹരാരെ ഹരിക്കേയ്ന്‍സിനൊപ്പം, ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന നാല് ടീമുകള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഡര്‍ബന്‍ ഖലന്ദര്‍സ്, കേപ് ടൗണ്‍ സാംപ് ആര്‍മി, ബുലവായോ ബ്രേവ്‌സ്, ജോബര്‍ഗ് ബഫല്ലോസ് എന്നിവയാണ് അവ.

യു എ ഇയിലെ T10 ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ആണ് ‘ടിടെന്‍’ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കഴിഞ്ഞ സീസണുകളില്‍ ഷാര്‍ജയിലും ശ്രീലങ്കയിലും സമാനമായ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ T10 ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.