കോഴിക്കോട്: വീടുകളിലെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനുകളും ഉള്‍പ്പെടെയുളള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പുതിയ സംവിധാനം ഒരുക്കി കോര്‍പ്പറേഷന്‍. കുറഞ്ഞ യൂസര്‍ ഫീ ഈടാക്കി വീടുകളില്‍നിന്ന് ബയോമെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നത്.
കിടപ്പുരോഗികള്‍ ഉളള വീടുകളില്‍ നിന്നും മാലിന്യങ്ങളും മറ്റും ഒഴിവാക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കഴിയാതെ ആളുകള്‍ വിഷമിക്കുന്ന പശ്ചാത്തലത്തിലാണ് കോര്‍പ്പറേഷന്‍ എ ഫോര്‍ മര്‍ക്കന്റൈല്‍സ് െ്രെപവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചത്. ഇതുവഴി വീടുകളില്‍ നിന്നുളള ബയോമെഡിക്കല്‍ മാലിന്യം ഒരു കിലോയ്ക്ക് 45 രൂപ എന്ന നിരക്കില്‍ കൈമാറാന്‍ കഴിയും. മാലിന്യം പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വഴി ശാസ്ത്രീയമായി സംസ്‌കരിക്കും.
വീട്ടുകാര്‍ മാലിന്യം സംഭരിച്ച് വെച്ചശേഷം കൊണ്ടുപോകാനായാല്‍ മൊബൈല്‍ ആപ്പിലൂടെ എ ഫോര്‍ മര്‍ക്കന്റൈല്‍സിനെ അറിയിച്ചാല്‍ അവര്‍ വീടുകളിലെത്തും. ശേഖരിച്ചുവെക്കാനായി വീട്ടുകാര്‍ക്ക് പ്രത്യേക സഞ്ചിയും നല്‍കും. ഇതിനായി നിലവില്‍ മൂന്നു വാഹനങ്ങള്‍ ഏജന്‍സി ഏര്‍പ്പാടാക്കിയിട്ടുണ്ട്. പദ്ധതിക്ക് ഈ മാസം തന്നെ തുടക്കമാകുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ പറഞ്ഞു.