ബാലാവകാശ കമ്മീഷന്‍റെ മദ്റസ നിരോധനാഹ്വാനം, യോജിച്ച പ്രതിഷേധങ്ങൾ ഉയർന്നുവരണം: ഷുക്കൂർ സ്വലാഹി

Kozhikode

കോഴിക്കോട്: അരികുവൽക്കരിക്കപ്പെട്ട ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വിദ്യഭ്യാസ മുന്നേറ്റത്തിന് വേണ്ടി സച്ചാർ കമ്മിറ്റി നിർദേശിച്ച പരിഹാര മാർഗങ്ങളിലൊന്നായിരുന്നു മദ്റസകളുടെ ആധുനികവൽക്കരണം. മതവിജ്ഞാനത്തോടൊപ്പം സ്കൂൾ പാഠവിഷയങ്ങൾ കൂടി മദ്റസയിലൂടെ നൽകുക എന്നതാണ് പ്രസ്തുത നിർദേശത്തിലൂടെ സച്ചാർ കമ്മിറ്റി മുന്നോട്ട് വെച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രവും, ഭാഷയും, ഗണിതവുംമെല്ലാം ഉത്തരേന്ത്യയിലെ മദ്റസകളിലെ സിലബസിലുൾപ്പെട്ടു. അത്തരം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് വേതനം നൽകുവാനും, ലൈബ്രറി – കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ഒരുക്കുവാനുമെല്ലാം കേന്ദ്ര സർക്കാരും, ന്യൂനപക്ഷ വകുപ്പിന് കീഴിലെ ചില സമിതികളും ഫണ്ടനുവദിക്കുകയും ചെയ്തു.

ചരിത്രപരമായ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമുദായത്തിൻ്റെ ഭൗതികവും ബൗദ്ധികവുമായ ഉയർത്തെഴുന്നേൽപ്പിനു വേണ്ടിയുള്ള ബോധ പൂർവ്വമായ പരിശ്രമങ്ങളാണ് ഇവയെല്ലാം. അതിനാൽ തന്നെ മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്, അവ അടച്ചുപൂട്ടണം തുടങ്ങിയ ദേശീയ ബാലാവകാശ കമ്മീഷൻ്റെ നീക്കങ്ങൾ
ഒരേ സമയം മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൻ്റെ വിദ്യാഭ്യാസ അവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആസൂത്രിതമായ കടന്നുകയറ്റമായാണ് കാണേണ്ടത്. യോജിച്ച പ്രതിഷേധങ്ങൾ അനിവാര്യമാണ്.