കോഴിക്കോട്: മെഡിക്കല്‍ കോളജിന് മുമ്പില്‍ നടത്തുന്ന സമരം അമ്പത് ദിവസം പിന്നിട്ടിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുന്ന സാഹചര്യത്തില്‍ സമരസഹായസമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷീന കളക്ടറേറ്റിന് മുമ്പില്‍ ഉപവാസമിരുന്നു. സ്ത്രീകളടക്കം നിരവധിപേര്‍ സമരത്തില്‍ പങ്കാളികലായി. സമരം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വനിതാ മതില്‍ കെട്ടാന്‍ മുന്‍കൈ എടുത്ത ഇടത്പക്ഷ വനിതാ നേതാക്കളും, സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഹര്‍ഷിനയുടെ സമര പന്തലിലേക്ക് തിരിഞ്ഞ് പോലും നോക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഷാനിമോള്‍ ഉസമാന്‍. ആരോഗ്യ വകുപ്പ് മന്ത്രിയും, ജില്ലാ കളക്ടറും, മേയറും വനിതകളായ നാട്ടില്‍ മെഡിക്കല്‍ അശ്രദ്ധയുടെ ഇരയായി ഒരു വനിതയ്ക്ക് അന്‍പത് ദിവസത്തിലേറെയായി തെരുവില്‍ സമരം തുടരേണ്ടി വരുന്നു എന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കെ.സി.അബു, എന്‍.സുബ്രഹ്മണ്യന്‍,കെ.വി സുബ്രഹ്മണ്യന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ആര്‍എംപി നേതാവ് പി.കുമാരന്‍ കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ യു.സി.രാമന്‍, സഫറി വെള്ളയില്‍, കെ കെ കോയ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്,കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി സനൂജ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ഫൗസിയ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്നുമുതല്‍ മെഡിക്കല്‍കോളജിന് മുമ്പില്‍ പുനരാരംഭിക്കും.