ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ അതിഥിയായി ഇന്ത്യ സന്ദര്‍ശിക്കുന്ന മക്കയിലെ ആഗോള മുസ്ലിം സഭയായ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) സെക്രട്ടരി ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസക്കും മുപ്പതംഗ സംഘത്തിന്നും ഡല്‍ഹിയില്‍ ഊഷ്മളമായ സ്വീകരണം നല്കി. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ ഇന്ത്യാ ഇസ്ലാമിക് കള്‍ചറല്‍ സെന്ററിലായിരുന്നു ഔദ്യോഗിക സ്വീകരണം. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തസ്സത്ത മഹത്തരമാണെന്നും ബഹുസ്വരതയും വൈവിധ്യവും അംഗീകരിച്ച് കൊണ്ട് എല്ലാ മനുഷ്യരും പരസ്പര സഹകരണത്തോടെ ജീവിക്കണമെന്നും ഡോ. അല്‍ ഈസ ഉപദേശിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വളരെ പുരാതനവും ശക്തവുമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാമിനെ സ്വഗതം ചെയ്ത രാജ്യമാണ് ഇന്ത്യ.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സൗദിയിലുമുണ്ട്. അവരില്‍ പല മതക്കാരും വിവിധ ഭാഷക്കാരുമുണ്ട്. അവരെല്ലാം ഞങ്ങളുടെ അതിഥികളും സുഹൃത്തുക്കളുമാണ്. ലോകസമാധാനത്തിന് വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും. വിശ്വമാനവികത ഇസ്ലാമിന്റെ സന്ദേശമാണ്. അത് കൊണ്ട് തന്നെ ഇസ്ലാം എന്നും എല്ലാ തീവ്രവാദത്തിന്നും ഭീകരതക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന് ഖുറൈശി ഡോ. മുഹമ്മദ് അല്‍ ഈസയെയും അജിത് ദോവലിനെയും പൊന്നാട അണിയിച്ചു. ഡോ. ഹുസൈന് മടവൂര്‍ ബൊക്കെ നല്കി. വിവിധ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, മതാചാര്യന്മാര്, സാംസ്കാരിക പ്രവര്ത്തകന്മാര്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.