ബംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടറും പാര്‍ട്ടി വിട്ടു. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹഌദ് ജോഷി, ധര്‍മ്മേന്ദ്ര പ്രതാന്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ ഹുബ്ബള്ളിയിലെ ഷെട്ടറുടെ വീട്ടിലെത്തി നടത്തിയ അനുനയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് ഷെട്ടര്‍ പാര്‍ട്ടി വിട്ടത്. എം എല്‍ എ സ്ഥാനവും രാജിവയ്ക്കുന്ന ഷെട്ടര്‍ ഇന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് അറിയിച്ചു.
നേരത്തെ ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ് സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് നല്‍കിയിരുന്നു. മുതിര്‍ന്ന രണ്ട് നേതാക്കളും നിരവധി എം എല്‍ എമാരും പ്രവര്‍ത്തകരുമാണ് ദിവസങ്ങള്‍ക്കകം കര്‍ണാടകയില്‍ പാര്‍ട്ടി വിട്ടത്. ഇത് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 43 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി 15 സീറ്റുകളിലേക്ക് കൂടി മാത്രമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളു.