കൊച്ചി: മാധ്യമ പ്രവര്‍ത്തനം സാമൂഹിക പ്രതിബദ്ധതയിലൂന്നിയതായിരിക്കണമെന്ന് മന്ത്രി പി രാജീവ്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളിലേക്കാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിച്ചെല്ലേണ്ടതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സി വി പാപ്പച്ചന്‍ അവാര്‍ഡ് മാതൃഭൂമി സബ് എഡിറ്റര്‍ അഞ്ജന ഉണ്ണികൃഷ്ണന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാധ്യമരംഗം കോര്‍പ്പറേറ്റ് വത്കരിച്ചിരിക്കുകയാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ മുഖ്യാധാര മാധ്യമങ്ങളൊക്കെ ഇതിന്റെ പിടിയിലാണ്. ചെറിയ ഒരു വിഭാഗം പോരാട്ടം നടത്തുന്നുണ്ടെങ്കിലും അവരുടെ നിലനില്‍പ് അവതാളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സമൂഹ നന്മയ്ക്കായി പോരാടിയ വ്യക്തിത്വമായിരുന്നു സി വി പാപ്പച്ചനെന്നും മന്ത്രി അനുസ്മരിച്ചു.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി മനു വിശ്വനാഥ് പ്രശസ്തി പത്രം വായിച്ചു. കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമാ മോഹന്‍ലാല്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ മനു ഷെല്ലി നന്ദി പറഞ്ഞു.