സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റ് ഏവരെയും ആഹ്ലാദത്തിലാക്കുന്ന ഒന്നാണ്. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം നൂറ്റി മുപ്പതു ദിവസമായിരുന്നു. ചിത്രം ഇന്ത്യന്‍ സ്‌ക്രീന്‍ ഇതുവരെ കാണാത്ത ഒന്നാണെന്നായിരുന്നു ഷൂട്ടിങ്ങിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനെക്കുറിച്ച് സംസാരിച്ച് സംവിധായകനും ചിത്രത്തിലെ അസോസിയേറ്റുമായ ടിനു പാപ്പച്ചന്‍. സിനിമ കളിക്കുന്ന തിയറ്ററിന്റെ പുറത്ത് നിന്ന് ആദ്യ ഷോ കാണുകയാണെങ്കില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോക്ക് തിയറ്റര്‍ കുലുങ്ങുമെന്നാണ് തന്റെ വിശ്വാസമെന്ന് ടിനു പാപ്പച്ചന്‍ പറഞ്ഞു. ടിനു പാപ്പച്ചന്റെ പുതിയ ഒരു അഭിമുഖത്തിലാണ് മലൈക്കോട്ടൈ വലിബനെക്കുറിച്ചുള്ള ഈ പ്രതികരണം .
‘ആ സിനിമയെ പറ്റി അധികം സംസാരിക്കാനുള്ള അവകാശമെനിക്കില്ല. എങ്കിലും ആ സിനിമ കളിക്കുന്ന ആദ്യത്തെ ഷോ, ഞാന്‍ പുറത്ത് നിന്ന് കാണുകയാണെന്ന് വിചാരിക്കുക, എന്റെയൊരു വിശ്വാസമാണ്, ആളുകള്‍ എയറില്‍ കേറ്റുമോയെന്ന് അറിയില്ല, ലാല്‍ സാറിന്റെ ഇന്‍ട്രൊഡക്ഷനില്‍ തിയറ്റര്‍ കുലുങ്ങും, ആ ടൈപ്പ് ഇന്‍ട്രോയാണ് ചിത്രത്തില്‍. നമ്മള്‍ പുറത്ത് നിന്ന് നോക്കിയാല്‍ തിയറ്റര്‍ കുലുങ്ങും’. ടിനു പാപ്പച്ചന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.
130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയെ നായകനാക്കി ലിജോ സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തെക്കുറിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകള്‍.
‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.