വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: അഡ്വ. വി കെ സജീവന്‍

Kozhikode

കോഴിക്കോട്: പൊള്ളുന്ന വിലക്കയറ്റം കൊണ്ട് ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പരാജയമാണെന്ന് ബി ജെ പി ജില്ലാപ്രസിഡന്റ് വി.കെ.സജീവന്‍. ഒന്നരമാസമായി വിലക്കയറ്റം രൂക്ഷമാണെങ്കിലും വിപണിയില്‍ ശക്തമായി ഇടപെട്ട് കരിഞ്ചന്തയും, പൂഴ്ത്തിവെയ്പും കണ്ടു പിടിക്കാന്‍ സാധിക്കാത്ത നോക്കുകുത്തിയായ സര്‍ക്കാരിനെയാണ് നാം കാണുന്നത്. ഒരേ സാധനത്തിന് പലയിടങ്ങളില്‍ പലവിലയാണ്. ഹോര്‍ട്ടികോര്‍പില്‍ വിലകുറച്ച് മതിയായ രീതിയില്‍ വില്പന നടത്താന്‍ സാധിക്കുന്നില്ല. സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി, പച്ചക്കറി മുറ്റം തുടങ്ങി പച്ചക്കറി സ്വയം പര്യാപ്തതക്ക് ആരംഭിച്ച പദ്ധതികളെല്ലാം പാളിയിരിക്കുകയാണ്. അമ്പത് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും, ഒന്നരക്കോടി തൈകളും വര്‍ഷാവര്‍ഷം വിതരണം ചെയ്ത സംസ്ഥാനത്താണ് പച്ചക്കറി ക്ഷാമവും രൂക്ഷമായ വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ നട്ടം തിരിയുന്നത്. മഴ കനക്കുകയും, ട്രോളിങ്ങ് നിരോധനം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ വിപണിയില്‍ ശക്തമായി ഇടപെട്ട് വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലകയറ്റത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്തത്തിനെതിരെ ബി. ജെ. പി. പാളയം പച്ചക്കറി മാര്‍ക്കറ്റിന് മുന്നില്‍ ബി. ജെ. പി. സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി അദ്ധ്യക്ഷത വഹിച്ചു. ഒ ബി സി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍. പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ലാട്രഷറര്‍ വി. കെ. ജയന്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജുബിന്‍ ബാലകൃഷ്ണന്‍, സി. പി. വിജയകൃഷ്ണന്‍, കെ. ഷൈബു, ടി പി. ദിജില്‍, പി. കെ. അജിത് കുമാര്‍, പി. കെ. ഗണേശന്‍, കെ. സബിത, കെ. സി. രാജന്‍, പ്രവീണ്‍, തളിയില്‍, എന്‍. പി. പ്രകാശ്, പ്രവീണ്‍ശങ്കര്‍, ജഗന്നാഥന്‍ ബിലാത്തിക്കുളം, എന്‍. ശിവപ്രസാദ്, ശ്രീജാ സി.നായര്‍, ലീന ദിനേഷ്, പി. രതീഷ്, ഷിംജീഷ് പാറപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.