ആംബുലന്‍സിനുള്ളില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

Wayanad

മാനന്തവാടി: ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. മാനന്തവാടി അപ്പപ്പാറ തിരുനെല്ലി മാന്താനം കോളനി നിവാസി വിജയന്റെ ഭാര്യ ബീന (27) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിവരം ആശാ വര്‍ക്കറെ അറിയിച്ചു. ആശാ വര്‍ക്കര്‍ ഉടന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് മുബഷീര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബെറിന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബെറിന്‍ ഗില്‍ബെര്‍ട്ട് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 10.20നു ബെറിന്‍ ഗില്‍ബെര്‍ട്ടിന്റെ പരിചരണത്തില്‍ ബീന ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ ബെറിന്‍ ഗില്‍ബെര്‍ട്ട് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് മുബഷീര്‍ ഇരുവരെയും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.