തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും അവതരിപ്പിച്ചതിനൊപ്പം പ്രാദേശികമായ പ്രയോഗക്ഷമതയും ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര ശില്‍പശാല.
‘ഇംപാക്ട് ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ സസ്‌റ്റെയ്‌നബിലിറ്റി ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച്’ വിഷയത്തില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ശില്‍പശാലയില്‍ കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിനും സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള നൂതനാശയങ്ങള്‍, പുത്തന്‍ സാങ്കേതികവിദ്യകള്‍, ഇവ നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്ഘാടന പ്രസംഗം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ശാരദാ മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്തനിവാരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കാര്‍ബണ്‍ തോത് കുറയ്ക്കുന്നതിനും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും ആഗോള ഇടപെടലുകള്‍ ആവശ്യമാണ്. മറ്റുള്ളവര്‍ അത് ശരിയാക്കാന്‍ കാത്തിരിക്കുന്നതിന് പകരം ഓരോ വ്യക്തിയും സുസ്ഥിര സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നല്‍കണമെന്നും അവര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് റീബില്‍ഡ് കേരളയുടെ ഭാഗമായി ആരംഭിച്ച ഡിസിഎടി (ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കര്‍) പ്രോജക്റ്റ് കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അതു കാരണമുണ്ടാകുന്ന ദുരന്തത്തെ പ്രതിരോധിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിച്ചു. ഡിസിഎടി പ്രോജക്ടിലൂടെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കുന്നതിലും കാലാവസ്ഥാ പ്രവചനം സാധ്യമാക്കുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നേറി. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങള്‍ക്കെതിരെ പ്രതിരോധം, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവ എളുപ്പമാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇത് സഹായിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദ്രവമാലിന്യ പരിപാലനത്തിലെ നൂതനവും വികേന്ദ്രീകൃതവുമായ സമീപനം, സാനിറ്റേഷന്‍ ആസ് എ സര്‍വീസ്, മണ്ണ് പുനരുദ്ധാരണം, ശുചിത്വത്തിനായുള്ള മൈക്രോ എന്റര്‍െ്രെപസസ് എന്നിവയെ കേന്ദ്രീകരിച്ച് ശില്‍പശാലയില്‍ ചര്‍ച്ച നടന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി.. കേരളത്തില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങളുടെ വ്യാപ്തി തിരിച്ചറിയാനുള്ള സൂചകം മലിനമായ ജലാശയങ്ങളാണെന്ന് എം ജി. രാജമാണിക്യം പറഞ്ഞു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ ലഘൂകരിക്കുന്നതിലും ഓരോ വ്യക്തിയും പങ്കാളിയാകണം. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഖരമാലിന്യത്തിന്റെ 77 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. ബാക്കിയുള്ള മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്തം വ്യക്തികള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ശുചിത്വ മിഷന്‍, കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) എന്നിവയുടെ സഹകരണത്തോടെ ഭൗമ എന്‍വിറോടെക് െ്രെപവറ്റ് ലിമിറ്റഡാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഗവേഷകര്‍, വിദഗ്ധര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കോര്‍പറേറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ ആഘാതങ്ങളെയും നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആധാരമാക്കിയാണ് ചര്‍ച്ച നടന്നത്. ഇത്തരം വെല്ലുവിളികളെ പ്രാദേശിക തലത്തില്‍ നേരിടുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവെല്ലുവിളികളെ ലഘൂകരിക്കാനായി സാങ്കേതികവിദ്യയുടെ ഉപയോഗം സാധ്യമാക്കുന്ന ഒരു ഗവേഷണഅധിഷ്ഠിത പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കാനുമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ദ്രവമാലിന്യ സംസ്‌കരണത്തിലെ നൂതനവും വികേന്ദ്രീകൃതവുമായ സമീപനങ്ങളെക്കുറിച്ചും ലളിതവും പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതുമായ വികേന്ദ്രീകൃത സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബിറ്റ്‌സ് പിലാനിയിലെ ഡീന്‍ ഡോ. ശ്രീകാന്ത് മുട്‌നൂരി സംസാരിച്ചു.
ഡല്‍ഹിയിലെ വാഷ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിംഗ് ട്രസ്റ്റിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അറുമുഖം കാളിമുത്തു സാനിറ്റേഷന്‍ ആസ് എ സര്‍വീസ് എന്ന വിഷയത്തില്‍ നടത്തിയ അവതരണത്തില്‍ ചെലവ് കുറഞ്ഞതും കാര്‍ബണിന്റെ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്നതുമായ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് അവതരിപ്പിച്ചു.
ഗോവ ബാക് ട്രീറ്റ് എന്‍വയോണ്‍മെന്റല്‍ സൊല്യൂഷന്‍സ് എല്‍എല്‍പി യിലെ ടെക്‌നോളജി ഓഫീസര്‍ മിധു ഉണ്ണിത്താന്‍ ഭക്ഷണ അവശിഷ്ടങ്ങളുടെ സംസ്‌ക്കരണവും പുനരുപയോഗവും സംബന്ധിച്ച അവതരണം നടത്തി. തിരുവനന്തപുരം ഉല്‍പ്പെടെയുള്ള നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ചെലവ് കുറഞ്ഞതും ഉപഭോക്തൃ സൗഹൃദപരവുമായ റാപിഡ് ഫുഡ് വേസ്റ്റ് കമ്പോസര്‍, ഫീക്കല്‍ സ്ലജ് മാനേജ്‌മെന്റ് പ്ലാന്റ്, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ തുടങ്ങിയവയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.
സിഐഐ ഐഡബ്‌ളുഎന്‍ ചെയര്‍വുമണ്‍ ബിന്‍സി ബേബി വനവല്ക്കരണം, ഗ്രീന്‍ ക്രെഡിറ്റ്, മണ്ണിന്റെ പുനരുദ്ധാനം തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു. കാര്‍ബണിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്നതിലും ജൈവവൈവിധ്യം ഉറപ്പാക്കുന്നതിലും മിയാവാക്കി വനങ്ങളുടെ സംഭാവനയെക്കുറിച്ചും ടെറാപ്രെട്ടയുടെ സാധ്യതകളെക്കുറിച്ചും അവര്‍ സംസാരിച്ചു.
മാലിന്യ സംസ്‌കരണവും ശുചിത്വവുമായി ബന്ധപ്പെട്ട സൂഷ്മ ചെറുകിട സംരംഭങ്ങളെക്കുറിച്ച് വുമണ്‍ ലീഡ് ഇന്ത്യ ഫെല്ലോ, റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ത്യ വുമണ്‍ ലീഡ് ഇന്ത്യ ഫെല്ലോ ശ്രീജ സന്തോഷ് സംസാരിച്ചു. ശൗചാലയം ലഭ്യമാക്കല്‍, ചെറിയ സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹനവും പരിശീലനവും നല്കല്‍ , ശുചിത്വവുമായി ബന്ധപ്പെട്ട അവശ്യസേവനങ്ങള്‍ തുടങ്ങിയവയിലൂടെ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ഇതില്‍ വിജയിച്ചവരെ മാതൃകയാക്കണമെന്നും അവര്‍ പറഞ്ഞു.
സുസ്ഥിരവികസനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും സാധ്യമായ ഇടപെടലുകള്‍ പ്രാദേശിക തലങ്ങളില്‍ ഉണ്ടാക്കുന്നതിനും നൂതന പരിഹാരങ്ങള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിനും ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കാനും ശില്പശാലയില്‍ തീരുമാനിച്ചു.