അഷറഫ് ചേരാപുരം
ദുബൈ: രാജ്യ സംരക്ഷണത്തിനും നിലനില്‍പിനുമായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ അനുസ്മരിച്ച് യു എ ഇ രാഷ്ട്രനേതാക്കള്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വിവിധ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി പ്രത്യേക ചടങ്ങുകള്‍ ആചരിക്കുകയും ചെയ്തു. യു എ ഇ പ്രസിഡന്റ്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ എന്നിവര്‍ രക്തസാക്ഷികളുടെ സേവനങ്ങളെ ഓര്‍മിച്ച് രാജ്യത്തിന് സന്ദേശം നല്‍കി.
ദൗത്യനിര്‍വഹണ രംഗത്ത് ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ അഭിമാനത്തോടെയും നന്ദിയോടെയും ഓര്‍മിക്കണമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. വീരമൃത്യു വരിച്ചവരുടെ പേരുകള്‍ ചരിത്രത്തില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രക്തസാക്ഷികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രാര്‍ഥനയോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. വീരമൃത്യു വരിച്ച സൈനികര്‍ക്കും അവരുടെ മാതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിച്ചാണ് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ പ്രസ്താവന പുറപ്പെടുവിച്ചത്. എല്ലാ മാതാക്കളും പിന്തുടരേണ്ട ബഹുമാന്യ മാതൃകയാണ് നിങ്ങള്‍. നിങ്ങളുടെ പുത്രന്മാര്‍ക്ക് അവരുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനിടയില്‍ യുദ്ധക്കളത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ ഓര്‍മ നമ്മുടെ ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു എ ഇ പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങില്‍ സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഹമദ് മുഹമ്മദ് താനി അല്‍ റുമൈതി പങ്കെടുത്തു. അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുന്നുദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്, മുതിര്‍ന്ന ഓഫിസര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.