ദുബൈ: മഹല്ലുകള്‍ ഇസ്ലാമിക സമൂഹത്തിന്റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് നിസ്സീമമാണെന്നും വിദ്യാഭ്യാസ ആത്മീയ മുന്നേറ്റത്തിന് മഹല്ല് നേതൃത്വം ക്രിയാത്മകമായി ഇടപെടേണ്ടത് അനിവാര്യമാണെന്നും ദുബൈ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു.
ദുബൈ സന്ദര്‍ശനത്തിനെത്തിയ വി കെ ഹമീദ് മാസ്റ്റര്‍ക്ക് കാമിച്ചേരി ജുമാ മസ്ജിദ് ദുബൈ ചാപ്റ്റര്‍ നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നിരാസ ചിന്താഗതികളും ലഹരി അടക്കമുള്ള സാമൂഹിക തിന്മകളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ മത രാഷ്ട്രീയ സാമൂഹിക നേതൃത്വം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമീദ് മാസ്റ്റര്‍ക്കുള്ള ഉപഹാരം ഇബ്രാഹീം മുറിച്ചാണ്ടി കൈമാറി. ദുബൈ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജമാല്‍ കെ കെ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാസിത്ത് കായക്കണ്ടി, നിസാര്‍ കെ കെ, കെ ടി കെ കുഞ്ഞമ്മദ് ഹാജി, ജസീര്‍ കെ കെ, സഹദ് എം വി, കെ ടി കെ ഹമീദ് എന്നിവര്‍ സംബന്ധിച്ചു. വി കെ ബഷീര്‍ ഹാജിക്ക് അബ്ദള്‍ ബാസിത്ത് കായക്കണ്ടി ഉപഹാരം നല്‍കി. സെക്രട്ടറി മനാഫ് വി കെ സ്വാഗതം പറഞ്ഞു.