കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കോടതി തടഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നു കാണിച്ച് കോഴിക്കോട്ടെ ഒരു സ്ഥാനാര്‍ഥി നല്‍കിയ ഹരജിയിലാണ് കോടതി നടപടി. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതെന്ന് കാണിച്ച് കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷഹബാസ്, യൂത്ത് കോണ്‍ഗ്രസ് അംഗം ഒളവണ്ണ കെ ടി ഹൗസില്‍ സിയാദ് എന്നിവര്‍ അഡ്വ. മുദസര്‍ അഹമ്മദ്, അഡ്വ. മുനീര്‍ അഹമ്മദ് എന്നിവര്‍ മുഖേന നല്‍കിയ ഹരജിയിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് ടി ആന്‍സിയുടെ ഇടക്കാല വിധി.
ഇനിയൊരുത്തരവുണ്ടാകുന്നത് വരെയാണ് വിധി. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്, ദേശീയ കമ്മറ്റി, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, സംസ്ഥാന കമ്മറ്റി, ജില്ല പ്രസിഡന്റ് ആര്‍ ഷാഹിന്‍, ജില്ല കമ്മറ്റി, സംസ്ഥാന, മേഖല വരണാധികാരികള്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആര്‍ക്കു വേണമെങ്കിലും വോട്ട് രേഖപ്പെടുത്താം എന്നുമായിരുന്നു ഷഹബാസിന്റെ പരാതി. ഭരണഘടന പ്രകാരം ആദ്യം വോട്ടേഴ്‌സ് ലിസ്റ്റുണ്ടാക്കി മണ്ഡലം കമ്മറ്റി, അസംബ്ലി മണ്ഡലം, ജില്ല തിരഞ്ഞെടുപ്പുകള്‍ വിവിധ ഘട്ടമായാണ് നടത്തേണ്ടത്. അതിന് പകരം ഒന്നിച്ച് നടത്തുന്നതടക്കം വിവിധ ക്രമവിരുദ്ധ നടപടികള്‍ കാണിച്ചാണ് ഹരജി. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലും യൂത്ത് കോണ്‍ഗ്രസാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ മത്സരത്തില്‍ പരാമവധി വോട്ട് പിടിക്കാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അംഗത്വ വിതരണത്തിനായി മറ്റ് പാര്‍ട്ടികാരുടെ വീട് കയറിയതെന്നായിരുന്നു ആക്ഷേപം.