ഹയര്‍ സെക്കന്‍ഡറി അറബി അധ്യാപക പരീക്ഷ വെള്ളിയാഴ്ച ജുമുഅ സമയത്ത്; പി എസ് സി തീരുമാനം വിവാദത്തില്‍

Kerala

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി അറബി അധ്യാപക പരീക്ഷയുടെ സമയം നിശ്ചയിച്ചത് വിവാദത്തില്‍. വെള്ളിയാഴ്ച ദിവസം ജുമുഅയുടെ നേരത്താണ് പി എസ് സിയുടെ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് പങ്കെടുക്കേണ്ടുന്ന സമയത്ത് പരീക്ഷ നിശ്ചയിച്ച പി എസ് സിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജൂണ്‍ 23ന് 11.15 മുതല്‍ 1.45വരെയാണ് എച്ച് എസ് എസ് ടി ഓണ്‍ലൈന്‍ പരീക്ഷ.

ഹയര്‍ സെക്കന്‍ഡറി അറബി അധ്യാപക പരീക്ഷയുടെ സമയം മാറ്റണമെന്നാവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്‌ക്കാരം തടസ്സപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്റെ വാദം. നിലവിലെ സമയക്രമം ഒരുനിലക്കും അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവര്‍ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വസകരമായ സമയം അനുവദിക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് പി എസ് സിയോട് ആവശ്യപ്പെട്ടു.