ചിങ്ങം ഒന്നിന് പട്ടിണി സമരം; കര്‍ഷക ദിനം കരിദിനമായി പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Kerala

കൊച്ചി: നെല്ല് സംഭരിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും വില നല്‍കാതിരിക്കുകയും നാളികേരം, റബ്ബര്‍ തുടങ്ങിയ സര്‍വ്വ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉത്പാദന ചിലവ് പോലും വിപണിയില്‍ കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും കര്‍ഷകര്‍ അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ കൂടി കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കടക്കെണിയില്‍പ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ പട്ടിണിയി ലായിരിക്കുമ്പോള്‍ ഇടപെടാതെ മാറി നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ കര്‍ഷകദിനം ആചരിക്കുന്നതിനെതിരെ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17)കര്‍ഷക കരിദിനമായി കര്‍ഷകര്‍ പ്രതിഷേധിക്കും. അന്നേദിവസം സംസ്ഥാന വ്യാപകമായി പട്ടിണി സമരം നടത്തും. പട്ടിണി സമരത്തിന് മുന്നോടിയായി ഓഗസ്റ്റ് 11ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കും. നാഷണല്‍ കോര്‍ഡിനേറ്റര്‍ അഡ്വ: കെ.വി ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി വിഷയാവതരണവും നടത്തി. ഭാരവാഹികളായ ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, ജോര്‍ജ് സിറിയക്, മനു ജോസഫ്, രവീന്ദ്രന്‍ ആയാപറമ്പ, രാമചന്ദ്രന്‍, സിറാജ് കൊടുവായൂര്‍, ജോബിള്‍ വടാശ്ശേരി, അപ്പച്ചന്‍ ഇരുവേയില്‍, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, റോസ് ചന്ദ്രന്‍, എനു പി.പി, ഹരിദാസ് കല്ലടിക്കോട്, ജോണ്‍സണ്‍ കുറ്റിയാനി മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.