മലപ്പുറം: റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും നാട്ടുകാര്‍ സമര രംഗത്ത് സജീവമാകുകയും ചെയ്തതോടെ സി പി എമ്മും സമരത്തിനിറങ്ങുന്നു. പുളിക്കല്‍ പഞ്ചായത്ത് ഭരിക്കുന്നത് സി പി എമ്മാണ്. ഈ പഞ്ചായത്തിന് മുന്നിലാണ് ഇടത് സഹയാത്രികനായ റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്. പരാതിക്കെട്ടുകള്‍ സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയായിരുന്നു പയമ്പോട്ടിന്റെ ആത്മഹത്യ. തുടര്‍ന്നും പ്ലാന്റിനെ ന്യായീകരിക്കുന്ന സമീപനമായിരുന്നു സി പി എമ്മിന്റെ ഭാഗത്തുനിന്നും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
റസാഖ് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതില്‍ സി പി എമ്മിനും പുളിക്കല്‍ പഞ്ചായത്തിനും എതിരരെ വിമര്‍ശനം ശക്തമായതോടെയാണ് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരെ സമരവുമായി സി പി എമ്മും രംഗത്തെത്തിയത്. പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ഇവിടെ സി പി എം കൊടികുത്തി. ഫാക്ടറി അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ടാണ് സി പി എം പ്ലാന്റില്‍ കൊടികുത്തിയത്. ഫാക്ടറിക്കെതിരെ സമരം ശക്തമാക്കുമെന്നും സി പി എം ലോക്കല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് സമരമെന്ന് സി പി എം ലോക്കല്‍ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം സി പി എം ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയത് കപടതയാണെന്ന് യു ഡി എഫ് ആരോപിച്ചു. റസാഖ് ജീവിച്ചിരിക്കുമ്പോള്‍ സഹായിക്കാത്തവര്‍ ഇപ്പോള്‍ ജനകീയ രോഷം ശക്തമാകുന്നത് കണ്ടാണ് സമരത്തിനിറങ്ങിയതെന്നും ആത്മാര്‍ത്ഥത കൊണ്ടല്ലെന്നും യു ഡി എഫ് പറയുന്നു.
റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം സി പി എമ്മിനും സി പി എം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പ്ലാസ്റ്റിക് പ്ലാന്റ് ഉടമ പാര്‍ട്ടിക്ക് പണം നല്‍കിയതിന് പിന്നാലെ നിര്‍ലോഭമായ സഹായം പാര്‍ട്ടി ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് നല്‍കിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സി പി എം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടെയാണ് സി പി എമ്മിന്റെ രംഗപ്രവേശം.