1998 ലാണ് കേരളത്തില്‍ ലോകായുക്ത രൂപീകരിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടോളം കാലം ലോകായുക്തയില്‍ കേസുകളുടെ പ്രളയമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഷണ്ഡീകരണം നടത്തിയതോടെ പൊതുജനങ്ങള്‍ ലോകായുക്തയെ കൈയൊഴിയുകയാണെന്ന് അവിടെ എത്തുന്ന പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നത്
കോഴിക്കോട്: അഴിമതി തടയുന്നതിനുള്ള ഒരു സംവിധാനത്തെ അധികാരി വര്‍ഗത്തിന് ഏത് രീതിയില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകായുക്ത. എതാനും മാസങ്ങള്‍ക്കു മുന്‍പാണ് അധികാരങ്ങളെല്ലാം എടുത്തു കളഞ്ഞ് ലോകായുക്തയെ കേവലം ശുപാര്‍ശകള്‍ നല്‍കുന്നതിനുള്ള ഏജന്‍സിയായി മാത്രം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഷണ്ഡീകരണം നടത്തിയത്. ഇതിനുവേണ്ടി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ അംഗീകരിച്ചെങ്കിലും ഇപ്പോഴും നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്.
ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ പൊടിക്കുന്ന ലോകായുക്ത സംവിധാനത്തെ ഇനി നിലനിര്‍ത്തണമൊയെന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. സര്‍ക്കാര്‍ മാത്രമല്ല പൊതുജനങ്ങളും ഈ സംവിധാനത്തെ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കൈയൊഴിഞ്ഞു കളഞ്ഞു. ചിറകരിഞ്ഞ്, പല്ലും നഖവുമെല്ലാം പറിച്ചെടുത്ത് മൃതപ്രായമാക്കിയ ലോകായുക്ത സംവിധാനം ഇനി എന്തിന് വേണ്ടി നിലകൊള്ളണമെന്നതാണ് പ്രശ്‌നം. ഓരോ വര്‍ഷം കഴിയുന്തോറും ലോകായുകതയിലെ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ കേസുകളൊന്നുമില്ലാതെ ശമ്പളത്തിലും മറ്റിനത്തിലുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കാനുള്ള ഒരു സംവിധാനം മാത്രമായി ഇത് മാറിയേക്കാം.
ജനപ്രതിനിധികളുടെയും രാഷട്രീയ സംഘടനകളുടെയുമെല്ലാം അഴിമതി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായാണ് ലോകായുക്തക്ക് രൂപം നല്‍കിയത്. കേരളത്തിലെ ഇപ്പോഴത്തേയോ മുന്‍കാലങ്ങളിലേയോ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, തൊഴിലാളി യൂണിയനുകളുടെയും രാഷ്ട്രീയ സംഘടനകളുടെയും ഭാരവാഹികള്‍, സര്‍വ്വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ അധികാരികള്‍ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അഴമതിയെ തടയുന്നതിനും അവര്‍ക്കെതിരെ നിയമനടപടികളെടുക്കുന്നതിനും വിപുലമായ അധികാരമുള്ള സംവിധാനമായിരുന്നു അടുത്തകാലം വരെ ലോകായുക്ത.
1998 ലാണ് കേരളത്തില്‍ ലോകായുക്ത രൂപീകരിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടോളം കാലം ലോകായുക്തയില്‍ കേസുകളുടെ പ്രളയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കാലമെല്ലാം കഴിഞ്ഞു. പൊതുജനങ്ങള്‍ ലോകായുക്തയെ പതുക്കെ കൈയൊഴിയുകയാണെന്ന് അവിടെ എത്തുന്ന പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നു. കേവലം ഒരു ശുപാര്‍ശ ഏജന്‍സിയായി മാത്രം മാറ്റിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ ആരും ഇനി ഇവിടേക്ക് തിരിഞ്ഞു നോക്കാനിടയില്ല.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ കേവലം 16 അഴിമതികള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് ലോകായുക്തയുടെ മുന്നിലെത്തിയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. 2021 ല്‍ 227 പരാതികളില്‍ 88 എണ്ണം മാത്രമാണ് ഇതുവരെ തീര്‍പ്പാക്കിയത്. 2020 ല്‍ 205 പരാതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 204 എണ്ണവും തീര്‍പ്പാക്കിയിരുന്നു. അതേസമയം അതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ ലോകായുക്ത മുമ്പാകെ പരാതികളുടെ പ്രളയമായിരുന്നു. 2019 ലോകായുക്തയുടെ മുന്നിലെത്തിയ 1057 പരാതികളില്‍ 921 എണ്ണം തീര്‍പ്പാക്കി. 2018ല്‍ 1578 പരാതികളും 2017ല്‍ 1631 പരാതികളും ലോകായുക്തക്ക് മുന്നിലെത്തി. ഇത്തരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അഴിമതിയും ജനപ്രതിനിധികളുടെ സ്വജനപക്ഷപാതപരമായ നിലപാടുകള്‍ സംബന്ധിച്ചും മറ്റുമായി 4714 പരാതികളാണ് ലോകായുക്തക്ക് മുന്നിലെത്തിയത്. ഇതില്‍ 4094 പരാതികള്‍ തീര്‍പ്പാക്കി. 2020 മുതലാണ് ലോകായുക്തയെ പൊതുജനങ്ങള്‍ കൈയ്യൊഴിഞ്ഞു തുടങ്ങിയത്. ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുള്ള അഴിമതികള്‍ കുറഞ്ഞതുകൊണ്ടല്ല ജനങ്ങള്‍ പരാതികളുമായി ലോകായുക്തയില്‍ എത്താത്തത്. മറിച്ച്, ഈ ഒരു സംവിധാനത്തോടുള്ള വിശ്വാസം വളരെയധികം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഈ വര്‍ഷം മൂന്ന് മാസം പിന്നിട്ടപ്പോള്‍ കേവലം 16 പരാതികള്‍ മാത്രമാണ് എത്തിയത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയില്‍ വന്ന പരാതി ലോകായുക്ത ശരിവെച്ചതോടെ ജലീലിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതാണ് അടുത്ത കാലത്തായി ലോകായുക്ത നടത്തിയ ശക്തമായ ഇടപെടല്‍. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെയും ലോകായുക്തയില്‍ പരാതി വന്നിരുന്നെങ്കിലും അവരെ കുറ്റവിമുക്തമാക്കുകയായിരുന്നു. സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് പരാതികളാണ് ഇപ്പോള്‍ ലോകായുക്തയുടെ മുന്നിലുള്ളത്. ഇത് ലോകായുക്ത പരിഗണിച്ചു വരികയാണ്.
പരാതിയില്‍ ഉന്നയിക്കപ്പെട്ട അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാര സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ഇതുവരെ ലോകായുക്തക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ ആ അധികാരമാണ് നിലവിലുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ എടുത്തു കളഞ്ഞത്. അതായത് ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാറിന് ഇപ്പോഴത്തെ ഭേദഗതിയിലൂടെ അധികാരം ലഭിക്കും. ഇതോടെ സര്‍ക്കാര്‍ വിചാരിച്ചാല്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കഴിയുമെന്നര്‍ത്ഥം. ഇതുകൂടി വന്നതോടെ ഇനി ജനങ്ങളാരും പരാതിയുമായി ലോകായുക്തയുടെ പിന്നാലെ പോകാനുണ്ടാകില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ചവരെയാണ് ലോകായുക്തയായി നിയമിക്കുക. ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരെ ഉപലോകായുക്തയായി നിയമിക്കും. ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ് ഉണ്ടാകുക. ഇവരുടെ യോഗ്യതയിലും സര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് വരുത്തിയിട്ടുണ്ട്.
.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നപക്ഷം, പരാതിക്കിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ വേണ്ട നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകായുക്ത സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. പക്ഷേ, ശിക്ഷ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യാം. പദവികളില്‍നിന്ന് നീക്കുക, തല്‍സ്ഥാനത്തുനിന്ന് തരം താഴ്ത്തുക, നിര്‍ബന്ധിത റിട്ടയര്‍മെന്റ് എടുക്കാന്‍ ശുപാര്‍ശ ചെയ്യുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക, ശാസന നല്‍കുക എന്നിങ്ങനെയാണ് ലോകായുക്ത സാധാരണയായി നല്‍കാറുള്ള ശുപാര്‍ശകള്‍.
കേരളം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പൊതുപ്രവര്‍ത്തകരുടെ അഴിമതി. എവിടെ അഴിമതി നടന്നാലും കാര്യമായ സാമ്പത്തിക ചെലവില്ലാതെ ആര്‍ക്കും പരാതി നല്‍കാവുന്ന സുതാര്യമായ ഒരു അഴിമതി നിര്‍മ്മാര്‍ജ്ജന സംവിധാനമാണ് ഇപ്പോള്‍ വെറും നോക്കു കുത്തിയായി മാറിക്കൊണ്ടിരിക്കുന്നത്. വെറും അന്‍പത് രൂപയുണ്ടെങ്കില്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്യാം.ലോകായുക്തക്ക് മുന്നിലെത്തുന്ന പരാതികളുടെ എണ്ണം ഓരോ വര്‍ഷവും എന്തുകൊണ്ടാണ് കുത്തനെ കുറഞ്ഞു വരുന്നതെന്ന കാര്യം പരിശോധിക്കേണ്ട ഉത്തരവാദിത്തം ലോകായുക്തക്ക് തന്നെയാണ്. തരക്കേടില്ലാത്ത ശമ്പളവും മറ്റു സൗകര്യങ്ങളുമെല്ലാം നല്‍കി വിരമിച്ച ജഡ്ജിമാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം മാത്രമായി ലോകായുക്ത ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകരുത്.