എം കെ രാംദാസ്
കോഴിക്കോട്: ജയിലിലടച്ച ഗ്രോ വാസുവിന ഉടന്‍ മോചിപ്പിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ജനാധിപത്യത്തിന്റെ നിലനില്‍പാണ് ഈ അവകാശത്തിന്റെ ലംഘനത്തിലൂടെ അപകടത്തിലാവുന്നത്. വാസുവേട്ടനെ തുറങ്കലില്‍ അടച്ചത് നിര്‍ഭയമായി അഭിപ്രായം പറഞ്ഞതിനാണ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം. കോഴിക്കോട് നഗരത്തില്‍ നടന്ന സാംസ്‌കാരിക പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. സാഹിത്യകാരന്‍ യു കെ കുമാര്‍ ഉദ്ഘാടനം ചെയ്തു.
വാസുവേട്ടന്‍ ജയിലില്‍ കിടക്കുന്ന ഓരോ ദിവസവും ഭരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച കെ അജിത പറഞ്ഞു. കുട്ടികളെ പീഡിപ്പിച്ചവര്‍ക്ക് പോലും ജാമ്യം നല്‍കുന്ന കാലത്ത് വാസുവേട്ടന്‍ ജയിലില്‍ കിടക്കുന്നത് നമ്മുടെ വ്യവസ്ഥയുടെ ദയനീയ പരാജയമെന്ന് വി ടി മുരളി പറഞ്ഞു.
ഭരണഘടനയാണ് ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്. അതിന്റെ മൂല്യം നിലനിര്‍ത്തേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. നിയമവ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. വാസുവേട്ടനെ മോചിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാവുന്നത് ഇത് കൊണ്ടാണെന്ന് ഇടതുപക്ഷ ചിന്തകനായ എം എം സോമശേഖരന്‍ അഭിപ്രായപ്പെട്ടു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു പെറ്റി കേസുപോലും മാവോയിസ്റ്റുകള്‍ക്കെതിരെ ചുമത്തിയിട്ടില്ല. എന്നിട്ടും എട്ടുപേരെ വെടിവെച്ച് കൊന്നു. ഇത് ഗുരുതരമായ നിയമലംഘനമാണെന്നും അദ്ദേഹം ചേര്‍ത്ത് പറഞ്ഞു.
ഫാസിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും എന്നു പറഞ്ഞവര്‍ ഭരിക്കുന്നിടത്താണ് അഭിപ്രായം പറഞ്ഞതിന്ന് വാസുവേട്ടനെ പോലെ 96 വയസുള്ള ഒരു മനുഷ്യനെ ജയിലിടച്ചത്. ഇതും ഫാസിസമാണെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു. മനുഷ്യ സ്‌നേഹമാണ് വാസുവേട്ടനെ വേറിട്ടു നിര്‍ത്തിയത്. ആദിവാസികളെ മാത്രം ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടല്‍കൊലക്കെതിരെയാണ് വാസുവേട്ടന്‍ ശബ്ദിച്ചത്. അദ്ദേഹം അഴിക്കുള്ളില്‍ കഴിയുന്ന ഓരോ നിമിഷവും കേരളം ഒരു സ്റ്റാന്‍ സ്വാമിയെ ഭയക്കുന്നുവെന്ന് തുടര്‍ന്ന് പ്രസംഗിച്ച ഡോ: ഖദീജ മുംതാസ് പറഞ്ഞു.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു തെളിയിച്ച ആധുനിക കാലത്തെ രാഷ്ടീയ നേതാവാണ് വാസുവേട്ടനെന്ന് കെ കെ സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു. സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, എം എം സചീന്ദ്രന്‍, കെ ചന്ദ്രന്‍, വിജയരാഘവന്‍ ചേലിയ, പ്രൊഫ: എന്‍ സി ഹരിദാസ്, എന്‍ പി ചെക്കുട്ടി, എന്‍ ബി ബാലകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു. ഡോ: ആസാദ് അധ്യക്ഷനായിരുന്നു.