കോഴിക്കോട്: നവകേരള ബസിന്റെ ‘മാന്‍ഡ്രേക് ശാപം’ മാറ്റാന്‍ പൊളിച്ചു പണിക്കൊരുങ്ങി കെ എസ് ആര്‍ ടി സി. നവകേരള യത്രയില്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയുണ്ടാക്കിയ യൂറോപ്യന്‍ ക്ലോസറ്റ് മാറ്റി പകരം ഇന്ത്യന്‍ ക്ലോസറ്റ് മാറ്റും. പുറമെ സീറ്റുകളുടെ എണ്ണവും കൂട്ടും.
നവകേരള യാത്രക്കായി 64 ലക്ഷം രൂപ ചെലവഴിച്ചാണ് ബസിന്റെ ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിച്ചത്. ഇതാണ് വീണ്ടും പൊളിച്ച് നവീകരിക്കുന്നത്. പ്രതിസന്ധിയില്‍ കഴിയന്ന കെ എസ് ആര്‍ ടി സിക്ക് നവകേരള ബസ് എല്ലാ അര്‍ത്ഥത്തിലും തലവേദനയാവുകയാണ്.
ബസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പിലാണുള്ളത്. ബസിന്റെ ബോഡിയില്‍ ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തും. ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിരിക്കുന്നത്. ബസിന്റെ പിറകിലെ പാന്‍ട്രിക്ക് പുറമെയുള്ള വാഷ് ഏരിയ പൊളിച്ച് മാറ്റാനാണ് തീരുമാനം.
ബസ്സില്‍ ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റാനാണ് തീരുമാനം. ബസില്‍ അടിമുടി മാറ്റം വരുത്തി ബംഗ്ലൂരുവിലേക്ക് സര്‍വ്വീസ് നടത്താനാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനം.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമൊട്ടാകെ സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരുമെന്ന് സി പി എം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പബ്ലിക് സര്‍വീസ് നടത്തിയിട്ടുപോലും ഇതില്‍ കയറാന്‍ ആളുകള്‍ തയ്യാറാവാതെ വന്നതോടെയാണ് ബസ് അടുമുടി പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലായ് 21നാണ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ബസ് കോഴിക്കോട്ടെ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. എന്നാല്‍ ഇവിടെ പണിയൊന്നും നടന്നില്ല. ബസ് പൊടിപിടിച്ച് തുരുമ്പെടുക്കാന്‍ തുടങ്ങിയതോടെ മ്യൂസിയത്തില്‍ കാഴ്ചവസ്തുവായി തന്നെ വെക്കേണ്ടിവരുമെന്നാണ് വിമര്‍ശനം ശക്തമായതോടെയാണ് പൊളിച്ചുപണിയുന്നതിനായി ബംഗ്ലൂരുവിലേക്ക് മാറ്റിയിരിക്കുന്നത്.
മേയ് അഞ്ചുമുതലാണ് കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ബസ് ഓടിച്ചുവന്നത്. ആദ്യദിനങ്ങളില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍ തിരക്കായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി പുറപ്പെട്ട ബസ്, ഒറ്റ യാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇതോടെയാണ് ആളുകയറാത്ത ശാപം മാറ്റാന്‍ ബസ് പൊളിച്ചുപണിയാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചത്.