അവധിക്ക് നാട്ടിലെത്തിയ സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kozhikode

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് പുല്ലങ്ങോട്ട് മീത്തല്‍ കെ ടി അഭിജിത്ത് (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടറും ഫോണും പേഴ്‌സും ബീച്ചിന് സമീപം വെള്ളയില്‍ തൊടിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം കണ്ടെത്തി. ഇന്ന് കാലത്താണ് മൃതദേഹം വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ കാണപ്പെട്ടത്. വെള്ളയില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ബീച്ച് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

കഴിഞ്ഞ ഒരു മാസം മുമ്പാണ് അഭിജിത് അവധിക്ക് നാട്ടിലെത്തിയത്. മടങ്ങാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് കാണാതായത്. കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മദ്രാസ് റെജിമെന്റിലെ സൈനികനാണ്. ജമ്മു കാശ്മീര്‍ സെക്ടറിലാണ് ജോലി ചെയ്യുന്നത്. ആത്മഹത്യയാണെന്നാണ് നിഗനം. പിതാവ് പ്രേമരാജന്‍ (എക്‌സ് മിലിട്ടറി). മാതാവ്: ബിന്ദു. ഭാര്യ: ആര്യ. മക്കള്‍: എഡ്വിക് ജെയിന്‍, ദക്ഷിക് വിയാന്‍. സഹോദരന്‍: അഭിനവ്.