പച്ചക്കറിക്ക് തീവില; ചിങ്ങം ഒന്നിന് യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാര്‍ വിളമ്പും

Kerala

കോഴിക്കോട്: പച്ചക്കറി ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ചിങ്ങം ഒന്നിന് (ആഗ്‌സ്ത് 17ന്) സംസ്ഥാന വ്യാപകമായി പച്ചക്കറിയില്ലാത്ത സാമ്പാര്‍ വെച്ചുവിളമ്പി പ്രതിഷേധം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം പഞ്ചായത്ത് തലങ്ങളിലണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്

ഓണം അടുത്തുവന്നിട്ട് പോലും വില വര്‍ദ്ധന തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജമായിരിക്കുകയാണെന്ന് ഫിറോസ് തുടര്‍ന്നു. സപ്ലെകോയില്‍ അവശ്യസാധനങ്ങള്‍ക്ക് തീവിലയെന്ന് മാത്രമല്ല ഭൂരിഭാഗം സാധനങ്ങളും ലഭ്യമാകാത്ത അവസ്ഥയുമാണുള്ളത്. ഓണം അരികിലെത്തിയിട്ടും വിലക്കയറ്റത്ത തടഞ്ഞ് നിര്‍ത്താനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് തലങ്ങളില്‍ വേറിട്ട ഒരു സമരപരിപാടിക്ക് യൂത്ത് ലീഗ് ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം വന്‍ വിജയമാക്കാന്‍ ഫിറോസ് ആഹ്വാനം ചെയ്തു.