ഷാര്‍ജ്ജയിലെ കുട്ടീസ് കഫെ, പിന്നെ ചെഗുവേരയും

Analysis Travel

യാത്ര / ഡോ: ആസാദ്

ഗ്ലാസ്‌ഡോര്‍ തുറന്നു ഫാസില്‍ ഫിറോസ് ഞങ്ങളെ അകത്തേക്കു വിളിച്ചു. ഒരു കോണിമുറിപോലെ കുടുസ്സായ ഇടം. കറുപ്പുകലര്‍ന്ന മഞ്ഞയുടെ പ്രൗഢിയുള്ള ചുമരുകള്‍. ചെറിയ ഇരിപ്പിടവും മേശയും. ചിത്രപ്പുതുമയുള്ള മഞ്ഞ ഗ്ലാസുകള്‍ അടുക്കിവെച്ച ചുമരലമാറ. ഒരു ചായക്കട ഇത്ര മനോഹരമാക്കാമെന്ന് ആരറിഞ്ഞു? കാത്തിരുന്ന ഒരു കൂടിക്കാഴ്ച്ചയ്ക്ക് എത്തിയപോലെ എനിക്കു തോന്നി.

ഫാസില്‍ കുറെ കാലമായി ഷാര്‍ജയിലുണ്ട്. അയാള്‍ വല്ലപ്പോഴും വരുന്ന ചായക്കടയാണ്. പല തരം ചായകള്‍ കിട്ടുന്ന ഒരിടം എന്നതാണ് അയാളെ ആകര്‍ഷിച്ചത്. ഉമര്‍ തറമേലും ഞാനും ഫാസിലിനു പിറകെ കടയില്‍ കയറി. മൂന്നു പേര്‍ക്കിരിക്കാവുന്ന ഒരു മേശയ്ക്കു ചുറ്റുമിരുന്നു.

മേശയിലെ ചെഗുവേരച്ചിത്രമാണ് ആദ്യം അഭിവാദ്യം ചെയ്തത്. അപൂര്‍വ്വവും ഹൃദ്യവുമായ ഒരു കൂടിക്കാഴ്ച്ചയ്ക്കാണ് ഞാന്‍ എത്തിയതെന്ന് അപ്പോള്‍ എനിക്കു മനസ്സിലായി.
”ഞാന്‍ ഗുവേര, നിന്റെ പ്രാണ
ബ്രാന്റ്, വിപ്ലവക്കടും കാപ്പി
മോന്തണം ഒന്നിച്ചൊരുവട്ടം”
എന്ന് ഒരു കവിതയില്‍ (ഗുവേരക്കൊടി) ഞാന്‍ എഴുതിയിട്ട് അധികമായിട്ടില്ല. ഗുവേര കോഫി ഷോപ്പില്‍ കാത്തിരിക്കുന്നു!

അറുപതിലോ അറുപത്തിയൊന്നിലോ ആവണം. ഗുവേര ഇന്ത്യയില്‍ വന്നിരുന്നു. നെഹ്‌റുവിനെ കണ്ടു. ഉത്തരേന്ത്യയിലെ പരുത്തിക്കൃഷിക്കാരെ കണ്ടു. ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ നയിച്ച ഡാങ്കെയെയോ അജയഘോഷിനെയോ ഇ എം എസ്സിനെയോ കണ്ടില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഹവാനയില്‍നിന്നുള്ള ഒരു പാക്ക് ചുരുട്ട് പുകവലിക്കാരനല്ലാത്ത ഇ എം എസ്സിനു സമ്മാനിക്കുന്നതും ഇ എം എസ് ദിനേശ്ബീഡിയുടെ ഒരു കൂട പകരം നല്‍കുന്നതും എന്നെ എത്രമാത്രം ത്രസിപ്പിക്കുമായിരുന്നു!

അമ്പത്തിയൊമ്പതിലാവണം മാര്‍ട്ടിന്‍ ലൂതര്‍ കിങ് ഇന്ത്യയില്‍ വന്നു. എനിക്ക് ഒരു സ്വപ്നമുണ്ട് എന്ന പ്രസംഗം മര്‍ദ്ദിതരുടെ മുഴുവന്‍ ശബ്ദത്തില്‍ മുഴങ്ങിയ കാലമാണ്. ഗാന്ധിജിയുടെ ഓര്‍മ്മകളില്‍ മുഴുകി ഇന്ത്യ കാണാനിറങ്ങിയ കിങ്ങിന് ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കാണാനും ആഗ്രഹമുണ്ടായി. ഇ എം എസ് അദ്ദേഹത്തിനു വിരുന്നൊരുക്കി കാത്തു.

മാര്‍ട്ടിന്‍ ലൂതറിനു തോന്നിയ ആഗ്രഹം ചെഗുവേരക്ക് ഉണ്ടാവാതെ പോയതെന്തുകൊണ്ടാവുമെന്ന് ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വീരനായകന് ചരിത്രത്തിലെ മറ്റൊരു ഉജ്ജ്വല കമ്യൂണിസ്റ്റ് വിജയത്തെ അഭിവാദ്യം ചെയ്യാന്‍ തോന്നാതെ പോയോ? ഗുവേര വന്നപ്പോഴേക്കും ആ സര്‍ക്കാര്‍ വീണിരുന്നു. ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സുകൂടി പിന്നിട്ടപ്പോള്‍ പാര്‍ട്ടിയില്‍ കലഹം രൂക്ഷമായിരുന്നു. അതുകൊണ്ടാവുമോ?

ഇതൊന്നും പക്ഷേ, ഗുവേരയെ എന്നില്‍നിന്ന് അകറ്റിയിട്ടില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ ആര്‍ട്‌സ് കോളേജിന്റെ ചുമരിലെ ചുവന്ന അക്ഷരങ്ങളും വരകളുമാണ് എന്നെ ഗുവേരയിലേക്കും ഹവാനയിലേക്കും കൊണ്ടുപോയത്. എനിക്ക് ആഭിമുഖ്യമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയ്ക്കും ആ എടുത്തുചാട്ടം വര്‍ജ്ജിക്കേണ്ട അതിസാഹസികതയായി കഴിഞ്ഞിരുന്നു. കല്‍ക്കത്താ തീസിസ് തള്ളി സാല്‍ക്കിയ പ്ലീനവും പിന്നിട്ടിരുന്നു. എന്നിട്ടും അതീവ രഹസ്യമായി ഞാന്‍ ഗൂവേരയെ പിന്തുടര്‍ന്നു. സച്ചിദാനന്ദനെയും രാജീവനെയും കടമ്മനിട്ടയെയും എന്നപോലെ. അന്ന് അവരുടെ വിപ്ലവങ്ങളെയും എന്റെ പാര്‍ട്ടി സഹിച്ചിരുന്നില്ല.

അടിയന്തിരാവസ്ഥാനന്തരമുള്ള ആ കലുഷ കാലവും മാറി. എണ്‍പതുകളുടെ സമരകാലവും വിപ്ലവ ഐക്കണുകളെ വിപണിബ്രാന്റുകളായി പരിവര്‍ത്തിപ്പിച്ച തൊണ്ണൂറുകളും ചെ ഗുവേര അനായാസം പിന്നിട്ടു. ഗ്രാന്മയിലും ഹവാനയിലും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തും ബൊളീവിയയിലും ഗുവേരയ്ക്ക് ഒരൊറ്റ ശബ്ദമായിരുന്നു. അതിന്റെ അലകളാണ് ലോകത്തെ നടുക്കിക്കൊണ്ടിരുന്നത്. വിമതര്‍ക്ക് എന്നേക്കുമുള്ള ആത്മധൈര്യം പകര്‍ന്നു വെച്ചിട്ടുണ്ട് ഗുവേര. ഒരും കടുംകാപ്പി കുടിക്കണം നമുക്കൊന്നിച്ചെന്ന് പ്രത്യക്ഷപ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം എന്നോടു പറഞ്ഞിരുന്നു.

ഇവിടെ ഈ ഷാര്‍ജയിലെ കുടുസ്സു ചായക്കടയില്‍ ഞാന്‍ ഗുവേരയെ എങ്ങനെ പ്രതീക്ഷിക്കാന്‍! റഷ്യ നിരാശപ്പെടുത്തുന്നുവെന്ന്, ട്രമ്പിന്റെ പുതിയ ഒരുക്കങ്ങളില്‍ പുട്ടിന്റെ കൗശലങ്ങളുണ്ടെന്ന്, ആ തിമര്‍പ്പില്‍ ഇന്ത്യ കൂട്ടുപോകുമെന്ന്, ബൊളീവിയയും മെക്‌സിക്കോയും ചിലിയും വെനിസ്വലയും ബ്രസീലുമൊക്കെ ക്യുബയെപ്പോലെ അതു തിരിച്ചറിയുന്നുവെന്നും ചെ പറഞ്ഞുവോ? പനിനീര്‍ മൊട്ടിട്ട ഒരപൂര്‍വ്വ ചായയാണ് ഇന്തോനേഷ്യന്‍ പെണ്‍കുട്ടി കൊണ്ടുവന്നു വെച്ചത്. ആ പെണ്‍കുട്ടിയില്‍ ഇന്തോനേഷ്യയിലെ ഒരു കൂട്ടക്കുരുതിയുടെ മറുകുണ്ടാവണം. അല്ലെങ്കില്‍ ചെ, നീയും ഞാനും എങ്ങനെ ഇവിടെ എത്താനാണ്!

കൈവിട്ടുപോയ പഴയ ചായക്കട തിരിച്ചു പിടിക്കാന്‍ അബ്ദുള്‍ഖാദര്‍ എന്ന കണ്ണൂരുകാരന്‍ യുവാവിന് തോന്നിയതും അങ്ങനെയൊരു പ്രേരണയിലാവണം. അയാള്‍ പക്ഷേ, അതേക്കുറിച്ച് അറിഞ്ഞിട്ടില്ല. കരിമ്പിലെ െ്രെപമറി വിദ്യാഭ്യാസവും ബാംഗ്ലൂരിലെ എഞ്ചിനീയറിംഗ് പഠനവും കഴിഞ്ഞ് അയാള്‍ സിംഗപ്പൂരിലായിരുന്നു. കുട്ടിക്കാലം തൊട്ടേ ഉപ്പയോടും അദ്ദേഹത്തിന്റെ അനിയന്‍ ഉമ്മര്‍കുട്ടിയോടും ഈ ചായക്കട താന്‍ നടത്താമെന്ന് അയാള്‍ പലവട്ടം പറഞ്ഞതാണ്. അവര്‍ അത് അനുവദിച്ചില്ല. ഒടുവില്‍ മറ്റൊരാള്‍ക്കു വിറ്റ കട സിംഗപ്പൂരില്‍നിന്നെത്തി അബ്ദുള്‍ഖാദര്‍ വാങ്ങി. പുതുക്കിയെടുത്തു.

അയാള്‍ എഴുതിവെച്ചു. ചായ എല്ലാവര്‍ക്കും ഉണ്ടാക്കാനാവും. ഓരോ വലിയിലും(സിപ്പിലും) അനുഭവിപ്പിക്കുന്ന രുചിക്കൂട്ടും വൈവിദ്ധ്യവുമാണ് പക്ഷേ, വേണ്ടത്. അതിന്റെ പരീക്ഷണ ശാലയാണ് കുട്ടീസ് ടീ കഫെ. ഇടുങ്ങിയ മുറിയിലേക്ക് അനുഭവ വൈവിദ്ധ്യങ്ങളെ അയാള്‍ ആവാഹിച്ചു വെച്ചിരിക്കുന്നു. ചെ ഇപ്പോള്‍ അയാളുടെ കുപ്പിയിലായിരിക്കുമോ? പലയിടത്ത് പല ബ്രാന്റുകളില്‍ അടയ്ക്കപ്പെട്ടുവെന്ന് ചെറു ചിരിയോടെ ചെ പരിതപിച്ചുവോ? ഇനിയുള്ള കാലം എങ്ങനെയാവുമെന്ന് കേരളസഖാവേ പറയാനാവുമോ എന്ന് അദ്ദേഹം എന്നെ കുസൃതിയോടെ നോക്കിയോ? എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ബൊളീവിയയില്‍ യാങ്കികള്‍ ചെയ്തതിലേറെ ക്രൂരമായ ഒരു മൗനത്തില്‍ അഭിവാദ്യം നിര്‍വ്വഹിച്ച് എനിക്കു മടങ്ങേണ്ടി വന്നു.

ഉമറിനും ഫാസിലിനുമൊപ്പം ചിത്രങ്ങളെടുത്ത് പരിക്ഷീണനായ ഒരു സഞ്ചാരിയുടെ ഭാവത്തില്‍ ഞാനിറങ്ങി. പ്രിയ ചെ, വീണ്ടും മറ്റൊരിടത്ത് നാം കാണുമായിരിക്കും. അപ്പോള്‍ നാം ഒന്നിച്ച് ഹവാന ചുരുട്ട് വലിച്ച് ഇതുപോലെ സംസാരിക്കുമോ? ലാല്‍സലാം സഖാവേ.