കോഴിക്കോട്: നീതിക്കായി ഹര്‍ഷിന കോടതിയിലേക്ക്. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കവെയാണ് ഹര്‍ഷിന ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തലിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന പറഞ്ഞു. 16ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഏക ദിന ഉപവാസമിരിക്കുമെന്നും ഹര്‍ഷിന പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് ഉണ്ടായിരിക്കുന്നത്. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് സമര സമിതിയും വ്യക്തമാക്കി.
ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജില്‍ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രണ്ടംഗങ്ങളുടെ വിയോജന കുറിപ്പോടെയാണ് മെഡി. ബോര്‍ഡ് റിപ്പോര്‍ട്ട് ഉള്ളതെന്നതും ശദ്ധേയമാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനോട് മെഡി. കോളേജ് എ സി പി സുദര്‍ശനന്‍, പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവര്‍ വിയോജിച്ചതായാണ് അറിയുന്നത്.
ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ ഉപകരണം മെഡിക്കല്‍ കോളേജിലേതെന്നായിരുന്നു നേരത്തെയുള്ള പൊലീസ് കണ്ടെത്തല്‍. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ വീഴ്ച പറ്റിയെന്നുമായിരുന്നു പൊലീസ് നിഗമനം. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണത്തിനായിരുന്നു മെഡി. ബോര്‍ഡ് രൂപീകരിച്ചത്. ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഹര്‍ഷിന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം.