ജെന്‍റില്‍മാന്‍ 2വിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയ്കുമാര്‍

കൊച്ചി: മലയാളിയായ മെഗാ പ്രൊഡ്യൂസര്‍ കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റില്‍മാന്‍II വിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ സംഗീത സംവിധായന്‍ ‘ ഓസ്‌കര്‍ ജേതാവ് ‘ എം എം കീരവാണി തന്റെ സോഷ്യല്‍ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുല്‍ കൃഷ്ണയാണ് ജെന്റില്‍മാന്‍II വിന്റെ സംവിധായകന്‍. കീരവാണി പാശ്ചാത്തലമായി നല്‍കിയ തീം മ്യുസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്‍കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വലിയ വരവേല്‍പ്പാണ് ആരാധകരില്‍ നിന്നും മോഷന്‍ പോസ്റ്ററിനു ലഭിച്ചത് .

തൊണ്ണൂറുകളില്‍ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെന്‍ഡ് സെറ്റര്‍ ചിത്രമായിരുന്നു കുഞ്ഞുമോന്‍ നിര്‍മ്മിച്ച ‘ ജെന്റില്‍മാന്‍ ‘. ഇന്ത്യന്‍ സിനിമയിലെ മുമ്പന്‍ സംവിധായകരുടെ നിരയില്‍ ഷങ്കറിന് സ്ഥാനം നേടാന്‍ കാരണമായി ഭവിച്ച സിനിമയായിരുന്നു ഇത്, മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അതേ പേരുമായി ഇന്ത്യന്‍ സിനിമയിലെ പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരെ അണിയറയില്‍ അണി നിരത്തിയാണ് മെഗാ പ്രൊഡ്യൂസര്‍ കെ ടി കുഞ്ഞുമോന്‍ ബ്രഹ്മാണ്ഡമായി തന്നെ ‘ജെന്റില്‍മാന്‍-II’ നിര്‍മ്മിക്കുന്നത്. സാധാരണയായി താരങ്ങളെ ആശ്രയിക്കാതെ, വളര്‍ന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച്, ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമര്‍പ്പിച്ച് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുക എന്നതാണ് കുഞ്ഞുമോന്‍ സ്‌റ്റൈല്‍. ഇക്കുറിയും അങ്ങനെ തന്നെ. കീരവാണി, കവി പേരാരശ് കലാ സംവിധായകന്‍ തോട്ടാധരണി, ക്യാമറാമന്‍ അജയന്‍ വിന്‍സെന്റ്, എഡിറ്റര്‍ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റര്‍ ദിനേശ് കാശി എന്നിങ്ങനെ ഒട്ടനവധി പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധര്‍ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘ജെന്റില്‍മാന്‍-II’ വിന് വരുന്ന ആഗസ്റ്റ് 19 ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ തുടക്കം കുറിക്കപ്പെടും.