എ വി ഫര്‍ദിസ്
തിരുവനന്തപുരം: കൂടുതല്‍ യാഥാര്‍ത്ഥ്യത്തിനോടടുത്തു നില്ക്കുകയെന്നതാണ് പുതിയ കാലത്തിന്റെ സിനിമകളുടെ രീതി. ഇത്തരമൊരു കാര്യത്തെ അടിവരയിടുന്നതായിരുന്നു കേരളത്തിന്റെ ചലച്ചിത്ര മേളയുടെ രണ്ടാം ദിന കാഴ്ചകളില്‍ കൂടുതലും. ഇതിന് മുന്നില്‍ നടന്നതാകട്ടെ, രാവിലെ തന്നെ പ്രദര്‍ശിപ്പിച്ച താജിക്കിസ്ഥാന്‍ ചലച്ചിത്രം ദൗവ് അഥവാ ഫോര്‍ച്യൂണുമായിരുന്നു. കന്‍ ഹോര്‍, മനോന്‍ എന്ന രണ്ട് ഫാക്ടറി തൊഴിലാളികള്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചലച്ചിത്രം. യു എസ് എസ് ആറില്‍ നിന്ന് താജിക്കിസ്ഥാന്‍ വേറിട്ട് സ്വതന്ത്രമാകുമ്പോള്‍ സംഭവിക്കുന്ന കഥയാണ്. തങ്ങളുടെ ദൈനംദിന പ്രാരാബ്ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഫാക്ടറിയില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വരെ മോഷ്ടിക്കുവാന്‍ കൂട്ടുനില്ക്കുന്ന, നീയോ ഞാനോ വേര്‍തിരിവില്ലാത്ത ഇവരിലൊരാളിലേക്ക് ഐശ്വര്യം ഭാഗ്യത്തിന്റെ രൂപത്തിലൂടെ കടന്നു വരുമ്പോള്‍, ഇരുവരും പതുക്കെ പതുക്കെ അകലുകയും കണ്ടാല്‍ മിണ്ടാതിരിക്കുന്ന ശത്രുതയിലേക്ക് വരെ എത്തുകയുമാണ്. പിന്നീട് വീണ്ടും ഇരുവരുടെയും ജീവിതത്തിലേക്ക് ദുരിതങ്ങള്‍ കടന്നുവരുന്നതോടെ പഴയമയിലേക്ക് തിരിച്ചു പോരാനൊരുങ്ങുമ്പോള്‍ ഇതിലൊരാള്‍ മരണപ്പെടുന്നതോടെ സിനിമ അവസാനിക്കുകയാണ്.
ഒരു ഭൂപ്രദേശത്തിന്റെ ഗന്ധം, ഒരു ചലച്ചിത്രത്തിലൂടെ തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയില്‍ റിയലായി കഥ പറയുന്നുവെന്നതാണ് ഫോര്‍ച്യൂണിന്റെ പ്രത്യേകത. മറ്റെവിടെയോ നടക്കുന്ന കഥ എന്നതിനപ്പുറം, സിനിമ പ്രേക്ഷകനിലുണ്ടാക്കുന്ന വിങ്ങല്‍, പഴയ ലാറ്റിനമേരിക്കന്‍ സിനിമകള്‍ നല്കിയ അതേ അനുഭൂതി തന്നെയാണ് കാഴ്ചക്കാരന് ഈ ചിത്രവും നല്കുന്നത്.
മത്സരവിഭാഗത്തിലെ ആദ്യ മലയാള ചലച്ചിത്രമായി പ്രദര്‍ശിപ്പിച്ച മഹേഷ് നാരായണന്റെ അറിയിപ്പും ചമല്‍ക്കാരങ്ങളൊന്നുമില്ലാതെ ഒരു ക്യാമറ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നതിന്റെ ഫിലിംഗാണ് നല്കുന്നത്. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയടക്കമുള്ളവരുടെ , ക്യാമറാ സഞ്ചാരത്തെയാണ് ഈ സിനിമാ കാഴ്ച ഓര്‍മയിലേക്ക് കൊണ്ടുവരുന്നത്.
ഒരു സാധാ വീട്ടമ്മയായ ഫാക്ടറി തൊഴിലാളി രശ്മി, ജോലി സ്ഥലത്തു തന്റേതായി പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോയുടെ പേരില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് വരച്ചുകാട്ടുന്നത്. അതിലുപരി ആ സ്ത്രീയുടെ അഭിമാനം എന്നത് , അവരുടെ ബഹളങ്ങളുണ്ടാക്കാത്ത ശക്തമായ നിലപാട് കൊണ്ട്, പുരുഷ കേന്ദ്രീകൃതമായ ഒരു ചുറ്റുപാടൊന്നാകെ അംഗീകരിച്ചു കൊടുക്കേണ്ടി വരികയാണ്. പെണ്ണ് എല്ലാത്തിനും കീഴടങ്ങി കൊടുക്കേണ്ടവളാണെന്ന മുന്‍വിധിയെ ഈ ചലച്ചിത്രം പൊളിച്ചു കൊടുക്കുകയാണ്. ഇത് കൂടാതെ പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയും കഥ പറയുവാന്‍ ശ്രമിക്കുന്നുവെന്നത്, ഈ ചലച്ചിത്രത്തിന്റെ സിനിമാ പറച്ചലിന്റെ വേറിട്ട കാഴ്ചകളിലൊന്നാകുന്നത്.
പ്രതാപ് പോത്തന്‍ സ്മരണ വിഭാഗത്തില്‍, പ്രദര്‍ശിപ്പിച്ച അദ്ദേഹം അവസാനമായി അഭിനയിച്ച , കാഫിറും പ്രമേയത്തിന്റെ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ള അവതരണം കൊണ്ടു തന്നെയാണ് രേഖപ്പെടുത്തേണ്ട ചിത്രങ്ങളിലൊന്നായി മാറുന്നതും. വര്‍ത്തമാന കാല കേരള ഏറെ ചര്‍ച്ച ചെയ്യുന്ന ഇസ്‌ലാമോഫോബിയ എന്നതിന്റെ പരിസരത്ത് കൂടിയാണ് വിനോദ് നായര്‍ സംവിധാനം ചെയ്ത ഈ സിനിമ സഞ്ചരിക്കുന്നത്. എത്രത്തോളം ഗൗരവമായി ഈ വിഷയത്തെ സമീപിച്ചു വെന്ന ചോദ്യം ബാക്കി നില്‌ക്കേ തന്നെ, നമ്മുടെ സാമൂഹ്യ പരിസരത്തെ പല മുന്‍വിധികളെയും ഈ സിനിമ എടുത്തു കാട്ടുന്നത് #ോ, സമൂഹം ഏറെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന തിനു കൂടിയാണ്. അതോടൊപ്പം പ്രതാപ് പോത്തന്‍ എന്ന വലിയ നടന്റെ ഓര്‍മകള്‍ കൂടി കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ കൂടി കൊണ്ടുവരികയാണ്.
രണ്ടു ദിനം പിന്നിട്ടു മ്പോള്‍ ജനബാഹുല്യം കൊണ്ട് മേള വേറിട്ടതാകുകയാണ്. പതിനായിരത്തിലധികം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്ത മേളയില്‍ ഇന്നലെ മാത്രം പതിനാല് വേദികളിലായി 63 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.