തിരുവനന്തപുരം: വ്യത്യസ്തകളെയുംവിമത ശബ്ദങ്ങളെയും അടിച്ചമര്‍ത്തുമ്പോളല്ല മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നതെന്നും അവ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ഐഡി എസ് എസ് എഫ് കെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.44 രാജ്യങ്ങളിലെ മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്ന286 ചിത്രങ്ങള്‍ ആസ്വാദകര്‍ക്കും നിരൂപകര്‍ക്കും മുന്നിലെത്തിക്കാന്‍ ഈ മേളക്ക് സാധിച്ചുവന്നതില്‍ അതിയായ സന്തോഷമുണ്ട്.
സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ഡോക്യുമെന്ററികള്‍ക്കായുള്ളതാണ് ഐ ഡി എസ് എഫ് എഫ് കെ.ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം .ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകള്‍ അവതരിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയെന്ന നിലയില്‍ 15 വര്‍ഷം കൊണ്ട് ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ മതിപ്പ് ഉളവാക്കാന്‍ ഈ രാജ്യാന്തര ഡോക്യുമെന്ററി ചിത്ര മേളക്ക് കഴിഞ്ഞിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി പരാജയപ്പെടുത്തി പ്രദര്‍ശനനാനുമതി നേടിയ അനുഭവം നമുക്കുണ്ട്.
ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവും പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ബാഗിലെ സ്ത്രീകള്‍ നയിച്ച പ്രതിഷേധ സമരവും ഇറാനിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടിയുടെ വധശിക്ഷയും മുംബൈയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്ന ജാതിവിവേചനം തുടങ്ങിയ ലോകമെമ്പാടുമുള്ള സമകാലിക പ്രശ്‌നങ്ങള്‍ ശക്തമായും തീവ്രമായും പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ഈ മേളക്ക് കഴിഞ്ഞു. സംവിധായികയായും സാമൂഹികപ്രവര്‍ത്തകയുമായും നാലു പതിറ്റാണ്ടുകാലമായി സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായ, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, ആരോഗ്യം വിദ്യാഭ്യാസം മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നാല്പതോളം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ദീപ ധന്‍രാജിന് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നതില്‍ കേരള ഗവണ്‍മെന്റിന് അഭിമാനമുണ്ട്. മത്സരവിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ മേള പ്രചോദനവും പ്രോത്സാഹനവുമാകട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ദീപ ധന്‍രാജിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരവും, കഥ കഥേതര വിഭങ്ങള്‍ക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രസംയോജനത്തിനുള്ള കുമാര്‍ ടാക്കീസ് അവാര്‍ഡ് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിച്ചു. ജൂറി അംഗങ്ങള്‍ക്കുള്ള ഉപഹാരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സമ്മാനിച്ചു.
ആനുകാലികവും പ്രസക്തവുമായ വിഷയങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൊതു സമൂഹത്തിലേക്കെത്തിക്കാന്‍ ഹ്രസ്വ ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമാണ് കഴിയുന്നതെന്ന് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.രാജ്യാന്തര മേളയിലെ വിദേശ രാജ്യങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം മേളയുടെ പ്രധാന്യവും പ്രസക്തിയും ഉയര്‍ത്തി കാട്ടുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ചടങ്ങിന് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ജൂറി ചെയര്‍മാന്‍ ഷോനക്ക് സെന്‍, ജൂറി അംഗം തിലോത്തമ ഷോം, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്.ഷാജി, എന്നിവര്‍ പങ്കെടുത്തു.