തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശ്ശികയായവര്‍ക്ക് പലിശയിളവോടെ തീര്‍ക്കാന്‍ അവസരമൊരുക്കി കെ എസ് ഇ ബി. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാനുള്ള അവസരമാണ് കെ എസ് ഇ ബി ഒരുക്കിയിരിക്കുന്നത്. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വര്‍ഷത്തിന് മുകളിലുള്ള കുടിശ്ശികകള്‍ക്ക് 4% മാത്രമാണ് പലിശ. അഞ്ചു മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ 5% മാത്രമെന്നും കെ എസ് ഇ ബി അറിയിപ്പില്‍ പറയുന്നു.
രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശ്ശികകള്‍ക്ക് പലിശ 6% മാത്രമാണ് പലിശ. വൈദ്യുതി കുടിശ്ശികകള്‍ക്ക് ഉള്ള പലിശകള്‍ 6 തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശ്ശികയും പലിശയുള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ 2% അധിക ഇളവും ലഭിക്കും. ഈ ആനുകൂല്യം പരിമിതകാലത്തേയ്ക്ക് മാത്രമെന്നും കെ എസ് ഇ ബി അറിയിച്ചു. വിശദവിവരങ്ങള്‍ കെ എസ് ഇ ബി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.