തിരുവനന്തപുരം: കേരളത്തിന്റെ തീരസമ്പത്ത് പ്രയോജനപ്പെടുത്തി മത്സ്യ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണിയും കയറ്റുമതിയും വര്‍ധിപ്പിക്കുമെന്ന് മത്സ്യബന്ധന സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം കമലേശ്വരത്ത് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.സി.എ.ഡി.സി) ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധന മേഖലയില്‍ നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മത്സ്യത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധവയ്ക്കണം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണിയിലും കയറ്റുമതിയിലും രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കേരളത്തിനാകും. ഇതിലൂടെ വിദേശ വിപണിയില്‍ കേരളത്തിന്റെ മത്സ്യ ഉത്പന്നങ്ങള്‍ക്ക് വലിയ വിപണിയും ബ്രാന്‍ഡും സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
കേരളം മത്സ്യസമ്പത്ത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 10 ശതമാനം മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്തിയാല്‍ തന്നെ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ നേട്ടമുണ്ടാകും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ സീ ഫുഡ് റസ്‌റ്റോറന്റുകളും ഹാച്ചറികളും തുടങ്ങും. എല്ലാ മത്സ്യത്തൊഴിലാളി കുടുംബത്തിലും മത്സ്യബന്ധനമല്ലാതെ മറ്റൊരു അനുബന്ധ തൊഴില്‍ കൂടി ഉറപ്പാക്കാനാകണം. മത്സ്യമേഖലയില്‍ നടപ്പാക്കുന്ന നവീന ആശയങ്ങളില്‍ തീരദേശ വികസന കോര്‍പ്പറേഷന് വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
???മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടു കേള്‍ക്കാനും പരിഹരിക്കാനും അവസരമൊരുക്കുന്ന തീരസദസ്സ് ഈ മേഖലയില്‍ ഏറെ മാറ്റം വരുത്താനുതകുന്ന പ്രവര്‍ത്തനമാണെന്ന് അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഈ മാറ്റം ഫിഷറീസ് ഓഫീസുകളും ഉള്‍ക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ പരിഹരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര വിപണിയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിതരണ വിപുലീകരണത്തിന്റെ ഭാഗമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി രേഖകള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കൈമാറി. മത്സ്യ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയില്‍ കേരളത്തിന് വലിയ
സാധ്യതയാണുള്ളതെന്നും കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി രേഖകള്‍ മന്ത്രി ആന്റണി രാജു ഇയാന്‍ ഓവര്‍സീസ് എം.ഡി അനസിന് കൈമാറി. പര്‍ച്ചേസ് ഓര്‍ഡര്‍ രേഖകള്‍ മന്ത്രി സജി ചെറിയാന്‍ ഏറ്റുവാങ്ങി.
മത്സ്യത്തൊഴിലാളി മേഖലയിലെ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ആധുനിക സാങ്കേതികവിദ്യാ സഹായത്തോടെയാണ് മത്സ്യം ഉണക്കുകയും 18 ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം നടത്തുകയും ചെയ്യുന്ന കെ.എസ്.സി.എ.ഡി.സിയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷേയ്ക് പരീത് പറഞ്ഞു.
കൗണ്‍സിലര്‍ വി. വിജയകുമാരി, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീലു എന്‍.എസ്., കെ.എസ്.സി.എ.ഡി.സി ജനറല്‍ മാനേജര്‍ പി. അനില്‍കുമാര്‍, കെ.എസ്.സി.എ.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇ. കെന്നടി, പി.ഐ. ഹാരിസ്, ടി. രഘുവരന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ടി. മനോഹരന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ. ജോര്‍ജ്ജ്, ചീഫ് ഹൈഡ്രോഗ്രാഫര്‍ വി. ജെറോഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സൗകര്യപ്രദമാകുന്ന രീതിയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, ഫിഷറീസ് മേഖലാ ഓഫീസ്, മത്സ്യഫെഡ് ഓഫീസ്, ഹൈഡ്രോഗ്രാഫിക്ക് സര്‍വ്വേ ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന കോംപ്ലക്‌സ് ആണ് പുതിയ കെട്ടിടത്തിലുള്ളത്. 5400 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരുനില കെട്ടിടത്തില്‍ രണ്ട് നിലകളിലായി ഓഫീസ് സമുച്ചയം, കോണ്‍ഫറന്‍സ് റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ തീരപ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് തീരദേശ വികസന കോര്‍പ്പറേഷന്‍. തീരമേഖലയുടെ വികസനത്തിനായി അടിസ്ഥാന സൗകര്യമൊരുക്കല്‍, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തീരദേശ സംരക്ഷണം, സാങ്കേതികവിദ്യ ഏറ്റെടുക്കല്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, ഡ്രഡ്ജിംഗ് തുടങ്ങി വിവിധ പദ്ധതികള്‍ കെ.എസ്.സി.എ.ഡി.സി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.