പീഡനത്തില്‍ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവിന്‍റെ മാതൃസഹോദരന്‍ അറസ്റ്റില്‍

Kerala

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതൃസഹോദരനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. എടച്ചേരി പൊലീസാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്‌നയെ മര്‍ദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

മര്‍ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്‌ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകല്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നത് മരണപ്പെട്ട ഷബ്‌നയുടെ മകളാണ്.

മാതാവിനെ പിതാവിന്റെ ബന്ധുക്കള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് മകള്‍ വെളിപ്പെടുത്തി. പിതാവിന്റെ അമ്മാവന്‍ ഹനീഫ അമ്മയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ശ്രമിച്ചില്ല. മാതാവിന് മാനസികരോഗം ഉണ്ടെന്ന് വരുത്താന്‍ ശ്രമം നടന്നെന്നും മകള്‍ പറയുന്നു.

അതേസമയം മര്‍ദന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ ബന്ധുക്കളില്‍ പലരും ഒളിവില്‍ പോയി. യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ മാതാവും ബന്ധുക്കളും ആണെന്ന് നേരത്തെ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വലിയ രീതിയിലുള്ള പീഡനങ്ങള്‍ ഷബന ഭര്‍തൃവീട്ടില്‍ സഹിച്ചിരുന്നതായാണ് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

2010ലായിരുന്നു ഷബ്‌നയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷബ്‌ന വീട്ടില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ പറയുമ്പോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷബ്‌നയുടെ മറുപടിയെന്ന് ബന്ധുക്കള്‍ പറയുന്നു.

വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷബ്‌ന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഷബ്‌ന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭര്‍തൃവീട്ടുകാര്‍ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.

ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ച ശേഷം ഷബ്‌നയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോര്‍ച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.

പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറിത്താമസിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഷബ്‌നയുടെ സ്വര്‍ണമുള്‍പ്പടെ തിരികെ നല്‍കാന്‍ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഷബ്‌നയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. ഭര്‍തൃ വീട്ടില്‍ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷബ്‌ന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.