ഖത്തറിലെ യു എ ഇ അമ്പാസഡര്‍ സ്ഥാനമേറ്റു

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ഖത്തറിലെ യു.എ.ഇയുടെ അമ്പാസഡറായി ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ശക്ബൂത്ത് അല്‍ നഹിയാന്‍ ചുമതലയേറ്റു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. യു.എ.ഇയുടെ കെനിയന്‍ അമ്പാസിഡറായി സാലിം ബിന്‍ അഹമദ് മുഹമ്മദ് അല്‍ നഖബിയും സത്യപ്രതിജ്ഞ ചെയ്തു. അബൂദബിയിലെ കൊട്ടാരമായ ഖസര്‍ അല്‍ശാതിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍, രണ്ട് അംബാസഡര്‍മാരുടെയും പുതിയ ചുമതലകളില്‍ വിജയിക്കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.

ഖത്തറുമായും കെനിയയുമായും ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. എല്ലാ രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്താനുള്ള യു.എ.ഇയുടെ ആഗ്രഹം പ്രസിഡന്റ് പ്രകടിപ്പിക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.

ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രാലയത്തിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, ശൈഖ് ശഖ്ബൂത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, സഹമന്ത്രി ഡോ. ഖലീഫ ശഹീന്‍ അല്‍ മാരാര്‍ തുടങ്ങിയവരും പങ്കെടുത്തു. ഖത്തറുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കുറേ കാലം നയതന്ത്ര ബന്ധങ്ങള്‍ യു.എ.ഇ നിര്‍ത്തി വച്ചിരുന്നു. പിന്നീട് അല്‍ ഊല കരാറിന്റെ ഭാഗമായി ഉപരോധങ്ങള്‍ പിന്‍ലവിക്കുകയും ബന്ധം ഊഷ്മളമാക്കുകയുമായിരുന്നു.