ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിച്ച വെളിച്ചം സൗദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെയും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെയും ദേശീയ സംഗമത്തിന് പ്രൗഢമായ സമാപനം. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ അങ്കണത്തില്‍ നടന്ന വെളിച്ചം സംഗമം ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനും മലയാളി സമൂഹവും ഇസ്ലാഹി സെന്ററും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി അഭിപ്രായപ്പെട്ടു. പരിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും ഉത്തമന്‍ എന്ന പ്രവാചക വചനം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കേവലം അക്ഷര വായനക്കപ്പുറം അക്ഷരങ്ങളെ ചേര്‍ത്തുവെച്ചുള്ള ആശയ പഠനം നടത്തുമ്പോള്‍ മാത്രമേ ഉള്‍ക്കാഴ്ച കൊണ്ട് ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി പറഞ്ഞു. വിശുദ്ധ ഖുര്‍ആനാണ് വിശ്വാസിയുടെ ഒന്നാം പ്രമാണം എന്നത് വിസ്മരിച്ചതാണ് ആധുനിക കാലത്ത് മുസ്ലിം സമുദായം നേരിടുന്ന അപചയങ്ങള്‍ക്ക് മുഖ്യ ഹേതുവെന്നും വര്‍ത്തമാനകാലത്ത് പ്രവാചക ദൗത്യം നിര്‍വഹിക്കപ്പെടേണ്ടത് വിശുദ്ധ ഖുര്‍ആനിന്റെ കൃത്യമായ വിശദീകരണങ്ങളിലൂടെ യായിരിക്കണമെന്നും സുലൈമാന്‍ മദനി കൂട്ടിച്ചേര്‍ത്തു.
കാലാതിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആന്‍ ധാര്‍മികതയുടെയും വൈജ്ഞാനികതയുടെയും വെളിച്ചം പകര്‍ന്ന് ലോകത്തിനു മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന വേദഗ്രന്ഥമാണെന്നും ഖുര്‍ആനിനെതിരെയുള്ള വെല്ലുവിളികള്‍ അതിന്റെ അവതരണകാലം തൊട്ടേ ഉള്ളതാണെന്നും വിശുദ്ധ ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ആശയം മനസ്സിലാക്കി തുറന്ന മനസോടെ വായിക്കുന്ന ഒരാള്‍ക്ക് അതിനോട് അടുക്കാനല്ലാതെ അകലുവാന്‍ സാധിക്കാത്ത വിധം അത് മനസിനെ സ്വാധീനിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അദ്ധ്യക്ഷത വഹിച്ചു, ജെ.എന്‍.എച്ച് എം.ഡി. വി.പി മുഹമ്മദ് അലി, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, അമീറലി പി എം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.