തിരുവനന്തപുരം: ആഡംബര കപ്പലില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കള്‍ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം രാജ്യാന്തര മേളയില്‍.
റൂബെന്‍ ഓസ്റ്റലുണ്ടെ സംവിധാനം ചെയ്ത ബ്ലാക്ക് സറ്റയര്‍ ചിത്രം ജനതയുടെ സാമ്പത്തിക അസമത്വമാണ് ചര്‍ച്ചചെയ്യുന്നത്. കാനില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രത്തില്‍ ഹാരിസ് ഡിക്കിന്‍സണ്‍, ചാല്‍ബി ഡീന്‍, ഡോളി ഡി ലിയോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചാല്‍ബി ഡീനിന്റെ അവസാന ചിത്രം കൂടിയാണിത്.
ബിറം ഉള്‍പ്പടെ 13 ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനം
യുദ്ധത്തില്‍ തകര്‍ന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന ഇസ്രയേല്‍ ചിത്രം ബിറം, ഹംഗേറിയന്‍ സംവിധായകന്‍ ജാബിര്‍ ബെനോ ബര്‍നയിയുടെ സനോസ് റിസ്‌ക്‌സ് ആന്‍ഡ് സൈഡ് എഫക്ട്‌സ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനം രാജ്യാന്തര ചലച്ചിത്ര മേളയില്‍. കാമില്ലേ ക്ലാവേല്‍ ആണ് ബിറത്തിന്റെ സംവിധായിക.
ആസ്സാമീസ് ചിത്രം അനൂര്‍, ബംഗാളി ചിത്രം ശേഷ് പാത എന്നിവ ഉള്‍പ്പടെ 13 ചിത്രങ്ങളാണ് മേളയില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്നത്. മൊഞ്ജുള്‍ ബറുവയാണ് റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ സംവിധായിക. അനുരാധാ ശര്‍മ്മ പൂജാരിയുടെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളത്തില്‍നിന്നും എട്ടു ചിത്രങ്ങളാണ് ആദ്യ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരിയിടെ നന്‍ പകല്‍ നേരത്ത് മയക്കം, സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ‘വഴക്ക്’, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘ആണ്’, നവാഗത സംവിധായകരായ തമാര്‍ കെ വി സംവിധാനം ചെയ്ത ആയിരത്തിയൊന്നു നുണകള്‍, അമല്‍ പ്രാസി ചിത്രം ബാക്കി വന്നവര്‍, പ്രതീഷ് പ്രസാദ് ചിത്രം നോര്‍മല്‍, അരവിന്ദ്. എച്ച് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷന്‍, സതീഷ് ബാബുസേനന്‍ സന്തോഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ‘ഭാര്യയും ഭര്‍ത്താവും മരിച്ച മക്കളും’ എന്നിവയുടെയും ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.