പറന്നുയര്‍ന്ന് ചിക്കന്‍ വില; ഒറ്റയടിക്ക് കൂടിയത് 50 രൂപ, ഓണം പൊള്ളും

Kerala

കോഴിക്കോട്: ഓണ വിപണി മുന്നില്‍ കണ്ട് ചിക്കന് തീവില. ഓണത്തിന് അല്‍പ്പം ചിക്കന്‍ കഴിക്കാമെന്ന് കരുതിയാല്‍ ഇത്തവണ പോക്കറ്റ് കാലിയാകുമെന്ന അവസ്ഥയിലേക്കാണ് വിപണി വിലയുടെ പോക്ക്. കഴിഞ്ഞ ദിവസം കിലോയ്ക്ക് 190 ആയിരുന്ന ബ്രോയിലര്‍ ചിക്കന്റെ വില ഇന്നലെ 240 രൂപയായി. ഓണനാളാവുമ്പഴേക്കും വില 300 കടക്കുമെന്ന് ചിക്കന്‍ വ്യാപാരി സമിതി പറയുന്നു. ഓണത്തിന് വില കൊയ്യാമെന്ന് കണക്കാക്കി സംസ്ഥാനത്തെ ചിക്കന്‍ ഫാമുടമകളും അന്യ സംസ്ഥാന ഫാം ഉടമകളും പൂഴ്ത്തിവെപ്പ് നടത്തുന്നതാണ് അന്യായമായ വിലവര്‍ധനവിന് പിന്നിലെന്ന് ചിക്കന്‍ വ്യാപാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു.

കേരളത്തിലെയും തമിഴ് നാട്ടിലെയും ഫാമുകളില്‍ ആവശ്യത്തിന് ചിക്കന്‍ കിട്ടാനുള്ളപ്പോഴാണ് ഫാമുകള്‍ വില വര്‍ധിപ്പിക്കുന്നത്. രണ്ടു മാസം മുന്‍പ് ചിക്കന്‍ വില വര്‍ധിപ്പിച്ചപ്പോള്‍ ചൂട് കൂടിയതാണ് കാരണമായി ഫാമുകള്‍ പറഞ്ഞത്. നിലവില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ കോഴി ഫാമുകള്‍ ഇറച്ചി പൂഴ്ത്തിവെയ്ക്കുകയാണ്. ചിക്കന്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അമിത ലാഭം നേടാനാണ് കോഴിഫാമുകള്‍ ശ്രമിക്കുന്നതെന്നും ആവശ്യക്കാര്‍ വര്‍ധിക്കുന്തോറും വില ഇനിയും ഉയരനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച 90 രൂപയ്ക്ക് ഫാമുകളില്‍ നിന്ന് ലഭ്യമായ ചിക്കന്‍ ഇപ്പോള്‍ കിട്ടുന്നത് 125 രൂപയ്ക്കാണ്. ഫാമുകളുടെ ഈ നടപടി കാരണം ചിക്കന് വില കൂട്ടി വില്‍ക്കാന്‍ തങ്ങളും നിര്‍ബന്ധിക്കപ്പെടുകയാണ്. ചിക്കന്‍ ഫാമുകളുടെ പൂഴ്ത്തി വയ്പ്പിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കണം. ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് ന്യായ വിലയ്ക്ക് ഇറച്ചി ലഭ്യമാക്കാനുള്ള നടപടി ഭരണകൂടം കൈക്കൊള്ളണം. ഓണത്തിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫാമുകളുമായി സഹകരിക്കാതിരിക്കാന്‍ വ്യാപാരി സംഘടനകള്‍ക്ക് കഴിയില്ല. ഈ അവസരം മുതലെടുക്കുകയാണ് ഫാം ഉടമകള്‍. പ്രതിസന്ധിയിലാകുന്നത് ഒരേ സമയം ചെറുകിട വ്യാപാരികളും സാധാരണക്കാരുമാണെന്നും ചിക്കന്‍ വ്യാപാരി സമിതി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.