ചെറിയാന്‍ ജെ കാപ്പന്‍റെ സ്മരണയ്ക്കായി സൗജന്യ ഭൂമിയും വീടും; അശരണര്‍ക്ക് കാരുണ്യമേകണം: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Kozhikode

പാലാ: അശരണര്‍ക്കു കാരുണ്യമേകാന്‍ സമൂഹത്തിനാകണമെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചെറിയാന്‍ ജെ കാപ്പന്‍ ആന്റ് ത്രേസ്യാമ്മ കാപ്പന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പന്‍ എം എല്‍ എ, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ചെറിയാന്‍ സി കാപ്പന്‍, ന്യൂയോര്‍ക്ക് നന്മക്കൂട്ടായ്മ പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ്, മെമ്പര്‍ പോള്‍ ജോസ്, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എബി ജെ ജോസ്, ഗുണഭോക്താക്കളായ കിടങ്ങൂര്‍ കിരമാക്കില്‍ അംബിക, പരിയത്താനത്തുപാറയില്‍ സജിന എന്നിവര്‍ പങ്കെടുത്തു.

അറുനൂറ് സ്‌ക്വയര്‍ഫീറ്റോളം വിസ്തീര്‍ണ്ണമുള്ള വാര്‍ക്ക വീടാണ് സൗജന്യമായി നിര്‍മ്മിച്ചു നല്‍ക്കുന്നത്. രണ്ട് ബെഡ് റൂമുകള്‍, ലിവിംഗ്, ഡൈനിംഗ് ഏരിയാ, അടുക്കള, അറ്റാച്ചിഡ് ബാത്ത്‌റൂം, സിറ്റൗട്ട് എന്നിവ ഉള്‍പ്പെട്ടതാണ് പ്ലാന്‍. പാലായിലെ ഗ്രാവിറ്റി ഡിസൈനിലെ എഞ്ചിനിയര്‍ രാജേഷ് എസ് ആണ് എഞ്ചിനീയറിംഗ് നിര്‍വ്വഹിക്കുന്നത്.

കിടങ്ങൂര്‍ പാലത്തിനടിയില്‍ കഴിഞ്ഞ 20 വര്‍ഷമായി താമസിച്ചു വരുന്ന രണ്ടു കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും എം പി യും പാലാ നഗരസഭാ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്റെയും ഭാര്യ ത്രേസ്യാമ്മ കാപ്പന്റെയും സ്മരണ നിലനിര്‍ത്തുന്നതിനായി പാവപ്പെട്ടവര്‍ക്കു വീടുവയ്ക്കാന്‍ ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയില്‍ ചെറിയാന്‍ സി കാപ്പന്‍ വാങ്ങിയ 53 സെന്റ് സ്ഥലത്തെ ആറു സെന്റ് ഈ ഗുണഭോക്താക്കള്‍ക്കു നേരത്തെ സൗജന്യമായി നല്‍കിയിരുന്നു. ഇവിടെയാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന രണ്ടായിരം വീടുകളുടെ ഭാഗമായി ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനു പിന്നാലെ ഈ പദ്ധതിയുടെ ഭാഗമായി ഇവിടെ ബാക്കിയുള്ള സ്ഥലത്ത് ഒന്‍പത് വീടുകള്‍ കൂടി നിര്‍മ്മിച്ച് അര്‍ഹരായവര്‍ക്കു കൈമാറും. മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാന്‍ സി കാപ്പന്‍, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് ലഭ്യമായ അപേക്ഷകളില്‍ നിന്നും ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.