കോഴിക്കോട്: ഖാസി മുഹമ്മദ് മാനവ സ്‌നേഹ പുരസ്‌കാരത്തിന് മത രാഷ്ട്രീയ വൈജ്ഞാനിക രംഗത്തെ അതുല്ല്യ വ്യക്തിത്വമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മൈത്രിയുടെ സന്ദേശവുമായി കേരളത്തിലെ എല്ലാ ജില്ലകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം സാദിഖലി തങ്ങള്‍ നടത്തിയ സ്‌നേഹ സന്ദേശ കൂട്ടായ്മകളാണ് അവാര്‍ഡിന് പരിഗണിച്ചത്. കേരളത്തിലെ 1500ലേറെ മഹല്ലുകളിലെ ഖാസിയായും പട്ടിക്കാട് ജാമിഅ നൂരിയ, ചെമ്മാട് ദാറുല്‍ഹുദ, കടമേരി റഹ്്മാനിയ തുടങ്ങിയ പ്രസിദ്ധ കലാലയങ്ങളുടെ സാരഥിയായും സാദിഖലി തങ്ങള്‍ നടത്തുന്ന സേവനം അഭിമാനകരമാണെന്ന് ജൂറി അംഗങ്ങളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.പി രാമനുണ്ണി, പാളയം മുന്‍ ഇമാം പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ചരിത്രകാരന്‍ എം.സി ഇബ്രാഹീം വടകര എന്നിവര്‍ പറഞ്ഞു.
വിശ്വപ്രസിദ്ധ ഭക്തി കാവ്യമായ മുഹ്‌യുദ്ദീന്‍ മാല ഉള്‍പ്പെടെ അഞ്ഞൂറോളം കനപ്പെട്ട കൃതികളുടെ രചയിതാവായ ഖാസി മുഹമ്മദിന്റെ പേരിലുള്ള ഖാസി മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഖാസി മുഹമ്മദ് എന്ന ഖാസി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് സാമൂതിരിയുടെ ഭരണസിരാകേന്ദ്രമായ കോഴിക്കോട്ട് മുസ്്‌ലിംകളുടെ ഖാസി (ന്യായാധിപന്‍) ആയിരുന്നു. ജനുവരി ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഖാസി മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍,ജനറൽസെക്രട്ടറി കെ മൊയ്തീന്‍ കോയ,സെക്രട്ടറി അനസ് പരപ്പിൽ,ട്രാസ്‌റ്റി മെമ്പർമാരായ ഹാഫിസ് അബൂബക്കർ നിസാമി,സി. വി. നൗഫൽ, എം. മുബാറക്ക് അഹമ്മദ്, നൂറുൽ ഹസ്സൻ, എം. റഷീദ് എന്നിവര്‍ അറിയിച്ചു.