ജപ്പാന്‍ ഇന്നൊവേഷന്‍ ലീഡേഴ്‌സ് സമ്മിറ്റില്‍ തിളങ്ങി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍

Business News

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജപ്പാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. ടോക്കിയോയില്‍ നടന്ന ഇന്നൊവേഷന്‍ ലീഡേഴ്‌സ് സമ്മിറ്റ് 2022 (ഐഎല്‍എസ്)ന്റെ പത്താം പതിപ്പില്‍ പങ്കെടുത്ത കെ എസ് യു എമ്മിലെ നാല് സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ജപ്പാന്‍ എക്‌സ്‌റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷനുമായി (ജെട്രോ) സഹകരിച്ചാണ് കെ എസ് യു എം സ്റ്റാര്‍ട്ടപ്പുകള്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാവിയില്‍ ജെട്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് ജെട്രോയിലെ ഉന്നതരുമായും അവരുടെ സ്റ്റാര്‍ട്ടപ്പ് വിഭാഗമായ ജെ ബ്രിഡ്ജുമായും കെ എസ് യു എമ്മിലെ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ ആശയവിനിമയം നടത്തി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാവിയില്‍ ജെട്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഐ എല്‍ എസ് വേദിയായി.

ഉച്ചകോടിയില്‍ കേരളത്തില്‍ നിന്നുള്ള ആലിബൈ ഗ്ലോബല്‍, പിക്‌സ് ഡൈനാമിക്‌സ്, ഫെബ്‌നോ ടെക്‌നോളജീസ്, ഏസ്മണി എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. ജപ്പാനിലെ ടൊറനോമോന്‍ ഹില്‍സിനില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ നടന്ന ഉച്ചകോടിയില്‍ ജപ്പാനിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമേ മറ്റ് രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളും പങ്കെടുത്തു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജെട്രോയുമായുള്ള സഹകരണം മെച്ചപ്പെടുത്തി ഭാവിയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുകയാണ് ഐ എല്‍ എസിലെ കെ എസ് യു എം പവലിയനിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ എസ് യു എം സി ഇ ഒ അനൂപ് അംബിക പറഞ്ഞു.

ഉച്ചകോടിയോടനുബന്ധിച്ച് കെ എസ് യു എം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി പിച്ചിംഗ് സെഷനും സംഘടിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കെ എസ് യു എമ്മിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ സംസാരിച്ചു. ജപ്പാനിലെ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, പ്രമുഖ കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവര്‍ക്ക് മുന്നിലാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ നൂതനാശയങ്ങള്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *