തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചാന്‍ ഇനി സര്‍ക്കാര്‍ ജീവനക്കാരുടെ പണി പോകും. ഇതിനായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള നടപടി തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം അധികരിച്ചതിനാലാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയത്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ ഇനി സൈബര്‍ നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി ചെയ്യാന്‍ പോവുന്നത്. ഈ നിര്‍ദേശമടങ്ങുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ്.
1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് രീതിയിലോ സര്‍ക്കാരിന്റെ നയപരിപാടികളെയോ നടപടികളെയോ പൊതുജന മധ്യത്തിലോ കൂട്ടായ്മകളിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളെ കുറിച്ച് പറയുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം. ഇതുതടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെയുള്ള സര്‍ക്കാര്‍ വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും. അതുനസരിച്ചാകും ഇനി നടപടി ഉണ്ടാകുക.