തിരുവനന്തപുരം: നഗരങ്ങളിലെ ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കോര്‍പറേഷനുകളില്‍ രണ്ടുവീതവും മുന്‍സിപ്പാലിറ്റികളില്‍ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാന്‍ ലക്ഷ്യമിടുന്നത്. ബി ടെക്/എം ബി എ/ എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. ഇതോടൊപ്പം ശുചിത്വമിഷന്‍ സംസ്ഥാന ഓഫീസില്‍ ഒരു ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റിനെയും നിയമിക്കും. മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എല്ലാ നിയമനങ്ങളും മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് നൂറുപേരുടെയും തെരഞ്ഞെടുപ്പ്.
ശുചിത്വ കേരളത്തിലേക്കുള്ള യാത്രയിലെ നിര്‍ണായക ചുവടുവെപ്പാകും യുവ പ്രഫഷണല്‍മാരുടെ നിയമനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരങ്ങളിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തി പകരും. 2026 ഓടെ ശുചിത്വ കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഖരദ്രവകെട്ടിട മാലിന്യങ്ങളുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പുത്തന്‍ മാതൃകകള്‍ സംസ്ഥാനത്ത് സൃഷ്ടിക്കും. ജനങ്ങളെ ബോധവത്കരിച്ച്, ജനകീയമായിത്തന്നെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ യുവ പ്രൊഫഷണലുകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണ പദ്ധതികള്‍ എല്ലാ നഗരസഭകളിലും യാഥാര്‍ഥ്യമാക്കാനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. നഗരസഭകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് മാലിന്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് ഏകോപനം യാഥാര്‍ഥ്യമായതോടെ എല്ലാ നഗരസഭകളിലും ക്ലീന്‍ സിറ്റി മാനേജര്‍മാരും നിയമിക്കപ്പെടുകയാണ്. ഇതിന് പുറമേ കോര്‍പറേഷനുകളില്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍മാരും നിയമിക്കപ്പെടും. ഇവര്‍ക്കൊപ്പം യുവ പ്രൊഫഷണലുകള്‍ കൂടി എത്തുന്നതോടെ, ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ കുതിപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.