ഐ എഫ് എഫ് കെ: അറിയിപ്പും ചെല്ലോഷോയുമടക്കം ശനിയാഴ്ച 67 ലോകക്കാഴ്ചകള്‍

Cinema News

തിരുവനന്തപുരം: മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം അറിയിപ്പ്, ഉക്രൈന്‍ ചിത്രം ക്ലൊണ്ടൈക്ക്, ഹൂപ്പോ എന്നീ മത്സര ചിത്രങ്ങളടക്കം രാജ്യാന്തര മേളയില്‍ ശനിയാഴ്ച 67 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ അറിയിപ്പിന്റെ കേരളത്തിലെ ആദ്യപ്രദര്‍ശനമാണ് മേളയിലേത്.

ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവുമുണ്ടാകും. ലൈവ് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന മുര്‍ണോവിന്റെ നോസ്‌ഫെറാറ്റു വൈകിട്ട് ആറിന് ടാഗോറില്‍ പ്രദര്‍ശിപ്പിക്കും. നിര്‍മ്മാണത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ചിത്രത്തിന് തത്സമയ സംഗീതം ഒരുക്കുന്നത് വിഖ്യാത സംഗീതജ്ഞന്‍ ജോണി ബെസ്റ്റ് ആണ്.

അന്തരിച്ച ചലച്ചിത്രപ്രതിഭ പ്രതാപ് പോത്തന്‍ നായകനായ കാഫിര്‍, ഇറാനില്‍ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്‌സ്, വീറ്റ് ഹെല്‍മര്‍ ചിത്രം ദി ബ്രാ, റഷ്യന്‍ ചിത്രം ബ്രാറ്റന്‍, ദി ബ്ലൂ കഫ്താന്‍, പ്രിസണ്‍ 77, യു ഹാവ് ടു കം ആന്‍ഡ് സീ ഇറ്റ്, ദി ഫോര്‍ വാള്‍സ്, കൊര്‍സാജ്, ട്രോപിക് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ശനിയാഴ്ചയാണ്. മലയാളി സംവിധായകന്‍ പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍ എന്ന ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും. ഏരീസ് പ്ലക്‌സില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണ് പ്രദര്‍ശനം.

മത്സര വിഭാഗത്തിലെ ആദ്യ മലയാള ചിത്രം അറിയിപ്പിന്റെ ആദ്യ പ്രദര്‍ശനം നാളെ

മലയാളി സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സരചിത്രം അറിയിപ്പിന്റെ ആദ്യ പ്രദര്‍ശനം ശനിയാഴ്ച. ലൊക്കാര്‍ണോ മേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ആദ്യ മലയാള ചിത്രം ടാഗോര്‍ തിയേറ്ററില്‍ ഉച്ച കഴിഞ്ഞു 2.30 നാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ഗ്ലൗസ് നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച ജീവിതം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇരുവരുടെയും സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിലൂടെയാണ് കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചലച്ചിത്രാരവങ്ങള്‍ക്ക് മോടി കൂട്ടാന്‍ സോള്‍ ഓഫ് ഫോക്ക് ബാന്‍ഡ്

രാജ്യാന്തര മേളയില്‍ നാടന്‍ പാട്ടിന്റെ ആരവവമൊരുക്കാന്‍ ശനിയാഴ്ച സോള്‍ ഓഫ് ഫോക്ക് അരങ്ങേറും. കോവിഡ് കാലത്തു നവമാധ്യമങ്ങളിലൂടെ ജനപ്രീതി നേടിയ ബാന്‍ഡിന്റെ രാജ്യാന്തര മേളയിലെ ആദ്യ മ്യൂസിക്കല്‍ സന്ധ്യയാണ് ശനിയാഴ്ച നടക്കുന്നത് . പ്രിഥ്വിരാജ് ചിത്രം കടുവയിലെ ഒരൊറ്റ ഗാനത്തിലൂടെ പ്രശസ്തനായ അതുല്‍ നറുകരയും സംഘവുമാണ് ബാന്‍ഡ് അംഗങ്ങള്‍. ശനിയാഴ്ച രാത്രി 8.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന സംഗീതവിരുന്നില്‍ തെയ്യം കലാകാരന്മാരും ഗാനങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കും.

സിനിമകള്‍ ബുക്ക് ചെയ്യാതെ കാണാം നിശാഗന്ധിയില്‍

നിശാഗന്ധിയില്‍ നാളെ ഓപ്പണ്‍ പ്രദര്‍ശനത്തിനെത്തുന്നത് മൂന്ന് ചിത്രങ്ങള്‍. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ച ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്സ്, 1977 ല്‍ ബാഴ്‌സലോണയിലെ ജയിലില്‍ നടന്ന സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ സ്പാനിഷ് ത്രില്ലര്‍ ചിത്രം പ്രിസണ്‍ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ ഉടമയെ അന്വേഷിച്ചുള്ള ട്രെയിന്‍ െ്രെഡവറുടെ യാത്ര പ്രമേയമാക്കിയ ഡച്ച് ട്രാജിക് കോമഡി ചിത്രം ദി ബ്രാ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.

വൈകിട്ട് 6ന് പ്രിസണ്‍ 77 ന്റെ ആദ്യ പ്രദര്‍ശനം നടക്കും. 8:30 ന് ദി ബ്രാ, 10:15 ന് ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്സ് എന്നിവയും പ്രദര്‍ശിപ്പിക്കും. 2500 പ്രതിനിധികള്‍ക്ക് ഒരേസമയം ചിത്രങ്ങള്‍ കാണാനാകുന്ന ഓപ്പണ്‍ തിയേറ്ററി ല്‍ അത്യാധുനിക പ്രൊജക്ടര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍ ശനിയാഴ്ച

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്ലൊണ്ടൈക്ക്, ഹൂപ്പോ, അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

റഷ്യ ഉക്രൈയ്ന്‍ യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയാണ് മറീന എര്‍ ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇറാനിയന്‍ ചിത്രമായ മെഹ്ദി ഗസന്‍ഫാരി ചിത്രം ഹൂപ്പോയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *