കൗമാര വിദ്യാര്‍ഥികളുടെ കഥയുമായി ‘രംഗോലി’ നാളെ മുതല്‍ കേരളത്തിലും

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയ് കുമാര്‍

കൊച്ചി: തമിഴ് സിനിമയില്‍ വളരെ അപൂര്‍വമായി മാത്രമേ സ്‌കൂള്‍ പാശ്ചാത്തലത്തില്‍ കൗമാരക്കാരെ കുറിച്ചും അവരുടെ പ്രണയത്തെയും കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകള്‍ ഉണ്ടാകാറുള്ളൂ. അങ്ങനെ അപൂര്‍വമായി എത്തുന്ന പരീക്ഷണ സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം പിടിച്ചു പറ്റിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച രംഗോലി !. ‘ മാനഗരം ‘, ദൈവ തിരുമകള്‍ ‘ എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹമരീഷ് ‘ രംഗോലി ‘ യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാര്‍ത്ഥനാ സന്ദീപ്, , അക്ഷയാ ഹരിഹരന്‍ , സായ്ശ്രീ പ്രഭാകരന്‍ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാര്‍ഗവ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ നന്നായി പഠിക്കുന്ന ഒരു പയ്യന്‍. അവന് അവന്റെ മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കേണ്ടി വരുന്നു. പുതിയ അന്തരീക്ഷത്തില്‍ അവനു നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ‘ രംഗോലി ‘ യുടെ കഥ തുടങ്ങുന്നത്. സമകാലീന വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ മറയില്ലാതെ പറയുകയാണ് സംവിധായകന്‍. ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടൈനറാണ് ‘ രംഗോലി ‘ എന്നാണ് അണിയറക്കാര്‍ ചിത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്. ഗോപുരം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുന്ദരമൂര്‍ത്തിയാണ്. പ്രഗത്ഭ സംവിധായകരായ ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു താരങ്ങളായ അരുണ്‍ വിജയ്, അഥര്‍വ, വാണി ഭോജന്‍,ജി. വി. പ്രകാശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. മുരളി സില്‍വര്‍ സ്‌ക്രീന്‍ പിക്‌ചേഴ്‌സ് ‘ രംഗോലി ‘ നാളെ കേരളത്തില്‍ റിലീസ് ചെയ്യും.