വര്‍ക്കല: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന ഒന്നിപ്പ് പര്യടനത്തിന്റെ ഭാഗമായി വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാനന്ദ റസാഖ് പാലേരിയേയും സംഘത്തെയും സ്വീകരിച്ചു. മഠത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത റസാഖ് പാലേരി അരമണിക്കൂറിലേറെ മഠത്തില്‍ ചെലവഴിച്ചു.
ശ്രീനാരായണഗുരുവിന്റെ മാനവിക ദര്‍ശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജാതീയ മേധാവിത്വങ്ങള്‍ക്കെതിരായ ഗുരുവിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും സ്വാമി ശുഭാനന്ദയുമായി അദ്ദേഹം സംസാരിച്ചു.
സവര്‍ണ ഫാഷിസത്തിന്റെ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കരുതുന്നു. മഹാത്മ അയ്യന്‍കാളി, ശ്രീനാരായണഗുരു, വക്കം അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ നയിച്ച കേരളീയ നവോത്ഥാനത്തില്‍ പങ്കാളികളായ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ഇതില്‍ സുപ്രധാനമായ പങ്കു വഹിക്കാന്‍ കഴിയും.
മുസ്ലിങ്ങള്‍, ദലിത് ആദിവാസി വിഭാഗങ്ങള്‍, െ്രെകസ്തവര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍, മത്സ്യതൊഴിലാളി സമൂഹം തുടങ്ങി സവര്‍ണ്ണ വംശീയ വാദികളല്ലാത്ത മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തുപിടിക്കുന്ന, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിക്കു രൂപം നല്‍കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള പര്യടനമാണ് ഒന്നിപ്പിലൂടെ പാര്‍ട്ടി ലക്ഷ്യം വെക്കുന്നതെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
റസാഖ് പാലേരിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായിരുന്നുവെന്നും സാമൂഹിക സഹവര്‍ത്തിത്വത്തിനും വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കുമെന്നും സ്വാമി ശുഭാനന്ദ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളര്‍ത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒന്നിപ്പു പര്യടനത്തിലൂടെ ശ്രമിക്കുന്നത്.
വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍, സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ , ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാന്‍ പൂവാര്‍, ജില്ലാ ട്രഷറര്‍ എം കെ ഷാജഹാന്‍,എന്‍. എം അന്‍സാരി തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.