ആശ്വാസ് പദ്ധതി വ്യാപാരി സമൂഹത്തിന് ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Kozhikode

കോഴിക്കോട്: സഹപ്രവര്‍ത്തകര്‍ക്ക് തണലേകുന്ന ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ ആശ്വാസ് പദ്ധതി വ്യാപാരികള്‍ക്കും അവരുടെ കുടുംബത്തിനും ആത്മ വിശ്വാസം വര്‍ദ്ദിപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് പദ്ധതിയുടെ പ്രഥമ ധനസഹായ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവനവനിലേക്ക് മനുഷ്യന്‍ ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്ഥാന സര്‍ക്കാറിന്റെ റോഡ് വികസനത്തില്‍ വ്യാപാരികള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ടൂറിസം വികസനത്തില്‍ വ്യാപാരികളുടെ പങ്ക് വലുതാണ്, ടൂറിസം വികസിക്കുന്നിടത്ത് വ്യാപാരം വര്‍ദ്ദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സി എച്ച് ഫ്‌ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കുമെന്ന് മന്ത്രി വേദിയില്‍ ഉറപ്പ് നല്‍കി.

ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്ററ് എ.വി. എം കബീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര മുഖ്യാതിഥിയായിരുന്നു. ആശ്വാസ് പദ്ധതിയില്‍ അര്‍ഹരായ 5 കുടുംബങ്ങള്‍ 10 ലക്ഷം രൂപ വീതം ഏറ്റുവാങ്ങി.

മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഹസ്സന്‍ കോയ, സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, ജില്ലാ ട്രഷറര്‍ വി.സുനില്‍ കുമാര്‍, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, ജില്ലാ ഭാരവാഹികളായ എം.ഷാഹുല്‍ ഹമീദ്, കെ.പി. മൊയ്തീന്‍ കോയ, കെ. സരസ്വതി, എരോത്ത് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ.തോമസ് സ്വാഗതവും ആശ്വാസ് പദ്ധതി ട്രഷറര്‍ കെ.ടി. വിനോദ് നന്ദിയും പറഞ്ഞു.