തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിവരുന്ന കേരള പര്യടനം ‘ഒന്നിപ്പി’ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ മാസത്തില്‍ ആരംഭിച്ച ഒന്നിപ്പ് പര്യടനം സാമൂഹ്യനീതി, സൗഹാര്‍ദം തുടങ്ങിയ ആശയങ്ങള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളാക്കി അവതരിപ്പിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. വിവിധ ജില്ലകളിലെ സാമൂഹിക സാഹിത്യ സാംസ്കാരിക മത സമുദായ വ്യാപാര മേഖലകളിലെ വ്യക്തികളുമായി പര്യടന സംഘം കൂടിക്കാഴ്ച നടത്തുകയും മാധ്യമ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. വിവിധ സമുദായ സംഘടനകളുടെ ആസ്ഥാനങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍, സംഘടന നേതാക്കള്‍, നവോത്ഥാന നായകരുടെ സ്മാരകങ്ങള്‍ തുടങ്ങിയവ പര്യടനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചു. ജനകീയ സമര ഭൂമികളിലും പിന്നാക്ക പ്രദേശങ്ങളിലും കോളനികളിലും ആദിവാസി ഊരുകളിലും പര്യടനം സന്ദര്‍ശനം നടത്തി.
കാലുഷ്യവും സമുദായങ്ങള്‍ തമ്മിലുള്ള വിടവും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നതായി റസാഖ് പാലേരി പറഞ്ഞു. സംഘ് പരിവാര്‍ ഫാഷിസത്തിന്റെ ഉന്നങ്ങളില്‍ നിന്ന് കേരളം മുക്തമല്ല. പല തരം അസത്യ പ്രചരണങ്ങളിലൂടെ പുകമറകള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ ധ്രുവീകരണം ശക്തമാക്കാനാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ ഇടമില്ലാത്തത് കൊണ്ട് തന്നെ കേരളത്തെ അരക്ഷിത പ്രദേശമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
അതേ സമയം, കേരളത്തിലെ രാഷ്ട്രീയ മുന്നണികള്‍ തങ്ങളുടെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി സൃഷ്ടിക്കുന്ന സാമുദായിക സാമൂഹിക ഛിദ്രതകള്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്. അത് പലപ്പോഴും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിക്കാനും അവര്‍ക്കിടയില്‍ അവിശ്വാസം വളര്‍ത്തുന്നതിനും കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളില്‍ ഇരുമുന്നണികളും സൂക്ഷ്മത പുലര്‍ത്തുകയും തങ്ങളുടെ നിലപാടുകളില്‍ പുനരാലോചന നടത്തുകയും വേണം; പ്രത്യേകിച്ചും കേരളത്തിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ഇത്തരം ചില സമീപനങ്ങള്‍ സമൂഹത്തിലെ വിഭിന്നതകള്‍ ഗുരുതരമാക്കിയതായി പര്യടനത്തില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാനായിട്ടുണ്ട്. ആ രീതികളില്‍ നിന്ന് മാറി നടക്കാന്‍ ഇടതുപക്ഷം തീരുമാനിക്കണം. അപകടകരമായ സോഷ്യല്‍ എന്ജിനീയറിങ്ങുകളിലൂടെ താല്‍ക്കാലിക രാഷ്ട്രീയ ലാഭം എന്നതിനപ്പുറം പാര്‍ട്ടികളുടെയും മുന്നണികളുടെയും സാമൂഹിക അടിത്തറ തന്നെയാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണം.
ഇത്തരം ശ്രമങ്ങളെ തിരിച്ചറിയല്‍ വളരെ പ്രധാനമാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങണം. വിവിധ സമുദായ സംഘടന നേതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. പര്യടനത്തിന്റെ ഭാഗമായി നടത്തിയ സന്ദര്‍ശനങ്ങള്‍ എല്ലാം വലിയ ആവേശവും പ്രതീക്ഷയുമാണ് നല്‍കുന്നത്. പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് എല്ലാവര്ക്കും ബോധ്യവും ജാഗ്രതയുമുണ്ട്. യോജിച്ചുള്ള മുന്നേറ്റത്തിന് എല്ലാവരും തയ്യാറാണ്. വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ വെള്ളവും വളവും ലഭിക്കില്ലെന്നാണ് പര്യടന സന്ദര്‍ശനങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഒറ്റപ്പെട്ട ചില അപവാദങ്ങള്‍ സമീപ കാലത്ത് ഉണ്ടായെങ്കിലും അവരും ഇപ്പോള്‍ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വംശീയ വിദ്വേഷ ആശയങ്ങളെ കേരളീയ പൗരസമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയും. ഈ അനുകൂല പ്രതികരണവും സാഹചര്യവും കൈമുതലാക്കി പര്യടനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടി വരും നാളുകളില്‍ രൂപം നല്കി നടപ്പിലാക്കും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതി എന്ന ആശയമാണ് പര്യടനം മുന്നോട്ട് വെക്കുന്ന മറ്റൊരു സന്ദേശം. പര്യടനം കടന്നു പോകുന്ന എല്ലാ ജില്ലകളിലും സാമൂഹ്യനീതി കേന്ദ്രപ്രമേയമാക്കിയുള്ള സംഗമങ്ങള്‍ നടന്നു വരുന്നുണ്ട്. ഭൂമി, അധികാരം, വിജ്ഞാന വിതരണം തുടങ്ങിയ മേഖലകളില്‍ നില നില്ക്കുന്ന വിവേചനങ്ങളെ ഇല്ലാതാക്കല്‍ പൊതു സാമൂഹ്യ ബാധ്യതയായി എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും ഏറ്റെടുക്കണം എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നു. ഭൂപരിഷകരണം നടന്നു എന്ന അവകാശ വാദത്തിനപ്പുറം കേരളത്തിലെ ഭൂരാഹിത്യ പ്രശ്നം പരിഹരിക്കാന്‍ കേരളം ഭരിച്ച സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഭൂസമര പ്രദേശങ്ങള്‍ പര്യടന സംഘം സന്ദര്‍ശിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. മറുഭാഗത്ത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കുത്തക കമ്പനികള്‍ കയ്യേറിയും അനധികൃതമായും കൈവശം വെച്ചിരിക്കുകയാണ്. അത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ സമരം ചെയ്യുന്ന സമര പ്രദേശങ്ങളിലും പര്യടനം കടന്നു ചെന്നു. പട്ടയ സമരങ്ങളോട് അനുകൂലമായ സമീപനം സ്വീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
സംവരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാണ്. എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ടതോ ആനുപാതികമായതോ ആയ അളവിലല്ല ഇവിടെ വിഭവ വിതരണം നടന്നിട്ടുള്ളത്. ദലിത് ആദിവാസി ഇതര പിന്നാക്ക വിഭാഗങ്ങള്‍ എല്ലാ മേഖലകളിലും പുറന്തള്ളപ്പെടുകയാണ്. അധികാര ഉദ്യോഗ വിദ്യാഭ്യാസ മേഖലകളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിശദമായ കണക്കെടുപ്പ് നടത്തി സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടണം. ജാതി സെന്‍സസ് നടപ്പിലാക്കാന്‍ രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ജാതി സെന്‍സസ് നടത്തണം. സംവരണം, അധികാര ഉദ്യോഗ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങള്‍ മുമ്പില്‍ വെച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ ജനകീയ സംഘാടനത്തിന് നേതൃത്വം നല്‍കും. റസാഖ് പാലേരി വ്യക്തമാക്കി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍, സംസ്ഥാന കമ്മിറ്റിയംഗം നജ്ദ റൈഹാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാന് പൂവാര്‍, ജില്ലാ കമ്മിറ്റിയംഗം എന്‍ എം അന്‍സാരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.