കല്പറ്റ: ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മനോഭാവത്തെ പ്രതിരോധിക്കാന്‍ ഈ രാജ്യത്തിന് കെല്‍പ്പുണ്ടെന്ന് ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മുഴുവന്‍ ശക്തമായ സന്ദേശം നല്‍കാന്‍ സാധിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയമുന്നേറ്റമായിരുന്നു രാഹുല്‍ഗാന്ധി എം പി നയിച്ച ഭാരത് ജോഡോ യാത്രയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കല്പറ്റയില്‍ നടത്തിയ പദയാത്രയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനാധിപത്യത്തിന് പ്രതീക്ഷയേകുന്നതായിരുന്നു. രാഹുല്‍ഗാന്ധി അയോഗ്യനാക്കിയതിന്റെ കാരണങ്ങളിലൊന്നും ഭാരത്‌ജോഡോയാത്രയുടെ ഈ മഹാവിജയമായിരുന്നു. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ സംരക്ഷണം, രാജ്യത്തെ സര്‍വമേഖലകളെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള മുന്നേറ്റം ഇതെല്ലാമായിരുന്നു ഭാരത്‌ജോഡോ യാത്ര. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള യാത്രയായിരുന്നു അത്. സര്‍വമേഖലകളിലും വിദ്വേഷം വാരി വിതറുന്ന ഒരു സര്‍ക്കാരാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് വിഭാഗീയത പടര്‍ത്താന്‍ ഒരു ഭരണകൂടം തന്നെ നേതൃത്വം കൊടുക്കുമ്പോള്‍ വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറന്നുകൊണ്ടാണ് രാഹുല്‍ഗാന്ധി ഭാരത്‌ജോഡോ യാത്ര നടത്തിയത്.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ മുറുകെ പിടിക്കാന്‍ ‘ഇന്ത്യ’ എന്ന പേരില്‍ രൂപീകരിച്ച പ്രതിപക്ഷകൂട്ടായ്മ ഇന്ന് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പേര് തന്നെ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയവികാരം എങ്ങനെ ആളിക്കത്തിച്ച് എങ്ങനെ അതിലൂടെ മതപരമായ ധ്രുവീകരണം നടത്താന്‍ സാധിക്കുമെന്നതാണ് ഇതിലൂടെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. പി കെ ജയലക്ഷ്മി, പി പി ആലി, അഡ്വ. എന്‍ കെ വര്‍ഗീസ്, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, സംഷാദ് മരക്കാര്‍, ബിനുതോമസ്, എം ജി ബിജു, പോള്‍സണ്‍ കൂവക്കല്‍, ശോഭനാകുമാരി, ഗോകുല്‍ദാസ് കോട്ടയില്‍, വിജയമ്മ ടീച്ചര്‍, ബീന ജോസ്, ചിന്നമ്മ ജോസ്, ഉമ്മര്‍ കുണ്ടാട്ടില്‍, എ എം നിശാന്ത്, ജില്‍സണ്‍ തൂപ്പുംകര തുടങ്ങിയര്‍ സംസാരിച്ചു.