കുറ്റ്യാടി: തൊട്ടില്‍പ്പാലം കര്‍ഷക ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടി റെയ്ഞ്ച് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വന്യ മൃഗങ്ങള്‍ കൃഷിഭൂമിയില്‍ ഇറങ്ങുന്നത് തടയാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുക, വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
കാട്ടുപന്നികള്‍ കൃഷിയിടത്തിലിറങ്ങിയാല്‍ കര്‍ഷകര്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കര്‍ഷക ഐക്യവേദി മുന്നറിയിപ്പ് നല്‍കി. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം. ഇവയെ കൊല്ലുന്നതിന് കര്‍ഷകര്‍ക്ക് അനുമതി നല്‍കുകയും കൊല്ലുന്ന പന്നിയുടെ മാംസം കര്‍ഷകര്‍ക്ക് ഭക്ഷിക്കുന്നതിനായി നല്‍കണമെന്നും കര്‍ഷക ഐക്യവേദി ആവശ്യപ്പെട്ടു. മാര്‍ച്ചും ധര്‍ണയും നടത്തിയ ശേഷം ആവശ്യങ്ങളടങ്ങുന്ന നിവേദനം വനം വകുപ്പിന് നല്‍കി.