മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ മുന്നേറ്റം പാടില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പില്ലെന്ന് സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി ആദൃശ്ശേരി. തനിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയാല്‍ അത്തരം ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും അബ്ദുള്‍ ഹക്കിം ഫൈസി ആദൃശ്ശേരി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തനം നിഷേധിച്ചാല്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസം തങ്ങളുടെ പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. അത് പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നടപ്പാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ ആദര്‍ശം താന്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും അതിനാല്‍ സമസ്തയുടെ ആദര്‍ശത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങളോട് ആലോചിച്ചാണ് തന്നെ പുറത്താക്കിയതെന്ന സമസ്ത നേതൃത്വത്തിന്റെ വാദം കളവാണ്. തന്നെ പുറത്താക്കിയ തീരുമാനത്തില്‍ പണക്കാട് സാദിഖലി തങ്ങള്‍ക്ക് യോജിപ്പുണ്ടെന്ന് കരുതുന്നില്ല. ഇപ്പോഴും തന്റെ പ്രവര്‍ത്തനം സാദിഖലി തങ്ങളുടെ പിന്തുണയോടെയെന്നും ഹക്കീം ഫൈസി സ്വകാര്യ ചാനലിനോട് പറഞ്ഞു. സാദിഖലി തങ്ങളുമായുള്ള നിരന്തര കൂടിക്കാഴ്ചയില്‍ സ്ത്രീ വിദ്യാഭ്യാസ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴും തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഹക്കിം ഫൈസി പറഞ്ഞു.